ഇരിങ്ങാലക്കുട നഗരസഭ: വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്
1601013
Sunday, October 19, 2025 7:15 AM IST
ഇരിങ്ങാലക്കുട: നഗരസഭയുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരവീഴ്ചകള്‍ ചൂണ്ടിക്കാട്ടി നഗരസഭ 2023- 24 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലും ആസ്തികള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
നഗരസഭയുടെ അധീനതയില്‍ ഉള്ള പത്തോളം കെട്ടിടങ്ങളിലെ വാണിജ്യമുറികള് വാടകയ്ക്ക് നല്‍കുന്നതിലും കുടിശിക ഈടാക്കുന്നതിലും വീഴ്ചകള്‍ സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഠാണാവില്‍ പൂതംകുളത്ത് ഉള്ള കെട്ടിടത്തിന്റെ വാടക കുടിശികയായ 36000 രൂപയും പിഴയും റെവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച് ഈടാക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ടവറുകളില്‍ വസ്തുനികുതി ഈടാക്കണമെന്നും കുടിശിക പിരിച്ചെടുക്കണമെന്നും അനധികൃത കെട്ടിടങ്ങളുടെയും വസ്തുനികുതി പിരിച്ചെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
നഗരസഭ പരിധിയില്‍ ടര്‍ഫുകള്‍ അനധികൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐഎച്ച്എസ്ഡിപി അക്കൗണ്ടുകളിലെ പ്ലാന്‍ ഫണ്ട് തുകകള്‍ തിരികെ അടവാക്കാനുള്ളത് 75,39,169 രൂപയാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്ത്തീകരിക്കുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്.
നഗരസഭ ഭരണത്തിന്റെ കഴിവുകേടിന്റെ ബാക്കി പത്രമായി ഓഡിറ്റ് റിപ്പോര്‍ട്ട് മാറിയിരിക്കുകയാണെന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ അംഗങ്ങളായ അഡ്വ. കെ.ആർ. വിജയ, സന്തോഷ് ബോ ബൻ, അല്‍ഫോണ്‍സ തോമസ് എന്നിവര്‍ വിമര്‍ശിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളില്‍ ഭൂരിപക്ഷത്തിനും പരിഹാരം കണ്ടെത്തി കഴിഞ്ഞതാണെന്നും സിഎഫ്സി ഫണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും തനതുവരവില് ഇരിങ്ങാലക്കുട നഗരസഭ ജില്ലയില്‍ രണ്ടാം സ്ഥാനത്താണെന്നും ഉദ്യോഗസ്ഥര്‍ അധിക ജോലി ഭാരം നേരിടുന്നുണ്ടെന്നും അവധി ദിവസങ്ങളില്‍ പോലും ഓഫീസില്‍ എത്തുന്നുണ്ടെന്നും നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് വ്യക്തമാക്കി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.