സുരക്ഷയൊരുക്കാന്‍ വേണം, പോലീസ് എയ്ഡ് പോസ്റ്റ്
1601171
Monday, October 20, 2025 1:10 AM IST
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ സുരക്ഷയൊരുക്കാന്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമായി. ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആശുപതിയിലെ സുരക്ഷാ ജീവനക്കാനു നേരെ ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി വളപ്പില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.
ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ കുറവാണ്. കഴിഞ്ഞമാസം രണ്ട് സംഭവങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതാണ് ഒരു സംഭവം.
ഈ സംഭവത്തില്‍ സഹോദരങ്ങളക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി പത്തിന് ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ വച്ചാണ് സംഭവം. അടിപിടിയില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിയ യുവാവിനോട് സിടി സ്കാന്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞു.
ഈ സമയം നിങ്ങള്‍ എന്തേ ഇവിടെ സിടി സ്കാന്‍ വയ്ക്കാത്തത് എന്ന് പറഞ്ഞ് ഉച്ചത്തില്‍ ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും തടയാന്‍വന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണവര്‍.
ചികിത്സയ്ക്കായി എത്തിയ യുവതിയെ കയറിപിടിച്ച് മാനഹാനിവരുത്തിയ സംഭവമാണ് മറ്റൊന്ന്. പനി ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്ന യുവതിക്കു പെട്ടന്ന് തലകറക്കം അനുഭവപ്പെട്ടു. ആ സമയം പ്രതി യുവതിയെ താങ്ങിനിര്‍ത്തുകയും സഹായിക്കാമെന്നുപറഞ്ഞ് കൂടെകൂട്ടുകയുമായിരുന്നു. ഒപി ടിക്കറ്റ് എടുത്ത് തരാമെന്നും താന്‍ ഹോസ്പിറ്റല്‍ ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് മുകളിലെ നിലയില്‍ പോയിവിശ്രമിക്കാന് പറഞ്ഞയക്കുകയുമായിരുന്നു. യുവതി മുകളിലെ നിലയില്‍ പോയി കിടന്ന് വിശ്രമിക്കുമ്പോള്‍ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തുകയായിരുന്നു.
പല ക്രിമിനല്‍ കേസുകളിലുള്പെട്ടവര് തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ചികിത്സ തേടി എത്തുന്നത് ജനറല്‍ ആശുപത്രിയിലാണ്. ഈ സമയം പലപ്പോഴും ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിലാണ് പലപ്പോഴും പ്രശ്നമുണ്ടാകുന്നത്. എയ്ഡ് പോസ്റ്റ് സംവിധാനമൊരുക്കി പോലീസിന്റെ സ്ഥിരം നിരീക്ഷണം ഉറപ്പാക്കണമെന്നാണ് ആശുപത്രിയിലെ ജീവനക്കാരുടെയും നാട്ടുക്കാരുടെയും ആവശ്യം. ഇതു സംബന്ധിച്ച് കഴിഞ്ഞ ആശുപത്രി വികസന സമിതിയില്‍ ചര്‍ച്ച നടന്നിരുന്നു.