കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിന്റെ ഉദ്ഘാടനം 27ന്
1601016
Sunday, October 19, 2025 7:15 AM IST
എരുമപ്പെട്ടി: ആധുനിക രീതിയിൽ നിർമിച്ച കേച്ചേരി - അക്കിക്കാവ് ബൈപാസ് റോഡിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് അഞ്ചിനു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പൊതുമരാമത്ത് റോഡുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിർമിച്ച ആദ്യത്തെ റോഡാണ് കേച്ചേരി - അക്കിക്കാവ് ബൈപാസ്.
കുന്നംകുളം നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും തൃശൂരിൽനിന്ന് ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ബൈപാസ് ഉപകരിക്കും. 12 മീറ്റർ വീതിയിലാണ് റോഡിന്റെ നവീകരണം. പദ്ധതിക്ക് 32.66 കോടി രൂപയാണ് ചെലവഴിച്ചത്.
പന്നിത്തടം ജംഗ്ഷനിൽ 19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സോളാർ പവർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംഘാടകസമിതി രൂപീകരണ യോഗത്തിന് എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജലീൽ ആദൂർ, എ.വി. വല്ലഭൻ, കിഫ്ബി അസിസ്റ്റൻ്റ് എൻജിനീയർ ഇ.ഐ. സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമകൃഷ്ണൻ, മീന സാജൻ, രേഖ സുനിൽ എന്നിവർ സംസാരിച്ചു.