തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരം പൂർണം
1601417
Tuesday, October 21, 2025 1:05 AM IST
മുളങ്കുന്നത്തുകാവ്: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണസമരം തൃശൂർ മെഡിക്കൽ കോളജിലും പൂർണം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ബ്ലോക്കിൽ ഡോക്ടർമാരില്ലാത്തതു കാരണം മുറികളെല്ലാം ഒഴിഞ്ഞുകിടന്നു.
സമരമറിയാതെ എത്തിയ രോഗികൾക്കു ബുദ്ധിമുട്ടില്ലാതിരിക്കാൻ മുതിർന്ന ഡോക്ടർമാർ രോഗികളെ പരിശോധിച്ചിരുന്നു. ഈ ഡോക്ടർമാരുടെ മുറികൾക്കുമുന്നിൽ നല്ല തിരക്കായിരുന്നു.
ശന്പളപരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഇല്ലാത്തതിനാലാണ് സമരമെന്നു കെജിഎംസിടിഎ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.