ആമ്പല്ലൂരില്‍ ഗതാഗതം കുരുങ്ങി, മണിക്കൂറുകളോളം
1601031
Sunday, October 19, 2025 7:15 AM IST
പുതുക്കാട്: ആമ്പല്ലൂരില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ വാഹനനിര പലസമയത്തും പുതുക്കാട് സെന്റര്‍ കടന്നു. നൂറുക്കണക്കിനു വാഹനങ്ങളാണ് ഇന്നലെ യിലെ ഗതാഗതക്കുരുക്കില്‍പെട്ട് വലഞ്ഞത്. ഉച്ചകഴിഞ്ഞു തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകീട്ടായിട്ടും കുറയാത്ത സ്ഥിതിയായിരുന്നു.
പുതുക്കാട് പോലീസിന്റെ നേതൃത്വത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആമ്പല്ലൂര്‍ കടക്കാന്‍ വാഹനങ്ങൾ അരമണിക്കൂറിലേറെ സമയമെടുത്തു.
പുതുക്കാട് സിഗ്നല്‍ ജംഗ്ഷനില്‍ തിരക്ക് വര്‍ധിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷന്-കാഞ്ഞൂപ്പാടം റോഡുകളിലേക്കു പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. അവധിദിവസങ്ങളിലെ വാഹനത്തിരക്കും പ്രതിസന്ധി സൃഷ്ടിച്ചു.
ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ അടിപ്പാതനിര്‍മാണം നടക്കുന്ന ഭാഗത്ത് ഒറ്റവരിയായി കടത്തിവിടുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. ദേശീയപാത അഥോറിറ്റി ഇക്കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.