കാനപണിക്കു പൊളിച്ചിട്ട റോഡുകൾ മരണക്കുഴികളായി ; കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രതിഷേധം
1601435
Tuesday, October 21, 2025 1:05 AM IST
മുറ്റിച്ചൂർ: പുലമ്പുഴ റോഡിൽ കാനയ്ക്കുവേണ്ടി എടുത്ത കുഴി മരണക്കെണികളായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. പടിയം കുമാരക്ഷേത്രത്തിനു സമീപമാണ് മാസങ്ങളായി റോഡും വശങ്ങളും പൊളിച്ചിട്ടിരിക്കുന്നത്.
പടിയം ശ്രീമുരുക റോഡിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും ആഴ്ചകളായി. റോഡിൽ വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യത്തിൽ റോഡിന്റെ വശത്തു കാനയ്ക്കുവേണ്ടി എടുത്ത കുഴിയും റോഡും തിരിച്ചറിയാൻ കഴിയാതെ കാൽനടയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപെട്ടിട്ടും പഞ്ചായത്ത് അധികൃതർ കണ്ണുതുറക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇരുവശങ്ങളിലെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ കഴിയാത്ത സാഹചര്യംമൂലം ജനം വലയുന്ന സാഹചര്യത്തിൽ എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പപകൽ പന്തംകൊളുത്തി സമരം നടത്തി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് യോഗനാഥൻ കരിപ്പാറ ഉദ്ഘാടനംചെയ്തു. മഹിളാ കോൺഗ്രസ് ജില്ല സെക്രെട്ടറി റസിയ ഹബീബ് മുഖ്യപ്രഭാഷണം നടത്തി.
ഷൈൻ പള്ളിപ്പറമ്പിൽ, അക്ബർ പട്ടാട്ട്, അശ്വിൻ ആലപ്പുഴ, സാജൻ ഇയ്യാനി, യോഹന്നാൻ പടിയം, മനോഹരൻ മണ്ണാംതിണ്ടിയിൽ, ദേവൻ തണ്ടാശേരി, പ്രദീപ് കരിപ്പാറ, ഉസ്മാൻ അറക്കവീട്ടിൽ എന്നിവർ നേതൃത്വംനൽകി.