വഴിയാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെപോയ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ
1601431
Tuesday, October 21, 2025 1:05 AM IST
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററിൽ വഴിയാത്രക്കാരിയെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരൻ പിടിയിൽ. പുതുക്കാട് തെക്കേ താെറവ് സ്വദേശി കൊടിയൻ വീട്ടിൽ ഇമ്മാനുവലിനെ(19)യാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.
സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ മുപ്ലിയം സ്വദേശി പാണഞ്ചേരി വീട്ടിൽ സെലിൻ(68) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ സെലിനെ ഇപ്പോഴും ഐസിയുവിൽനിന്ന് മാറ്റിയിട്ടില്ല. അപകടത്തിനു ശേഷം നിർത്താതെപോയ ബൈക്ക് രണ്ടുദിവസത്തെ അന്വേഷണത്തിനുശേഷമാണ് പോലീസ് കണ്ടെത്തിയത്. മേഖലയിലെ 50 ഓളം നിരീക്ഷണ കാമറകളാണ് പരിശോധിച്ചത്.
പുതുക്കാട് സിഗ്നൽ കടന്ന ബൈക്ക് പാലിയേക്കര ടോൾപ്ലാസ കടന്നിട്ടില്ലെന്ന് മനസിലാക്കിയതോടെ പോലീസ് അന്വേഷണം പുതുക്കാട് സെന്റർ കേന്ദ്രീകരിച്ചാക്കി. അപകടസമയത്ത് പിറകിലുണ്ടായിരുന്ന ബസിലെ നിരീക്ഷണ കാമറയിൽനിന്നാണ് ബൈക്കിന്റെ നമ്പർ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുക്കാട് സിഗ്നലിനുശേഷം കേളിപ്പാടം ഭാഗത്തേക്ക് തിരിഞ്ഞ സ്പ്ലെൻഡർ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് തെളിഞ്ഞു. താമസിയാതെ വീട്ടിലെത്തി ഇമ്മാനുവലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിയായ ഇമ്മാനുവൽ അവധിക്കെത്തി, പുതുക്കാട് കോഫി ഷോപ്പിൽ താൽകാലികമായി ജോലി ചെയ്യുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം.
പുതുക്കാട് എസ്എച്ച്ഒ ആദം ഖാൻ, എസ്ഐ എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.