തളി നടുവട്ടത്തെ മാലിന്യ പ്ലാന്റ്: അനുമതി പുനഃപരിശോധിക്കുമെന്നു കളക്ടർ
1601429
Tuesday, October 21, 2025 1:05 AM IST
എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിലെ തളി നടുവട്ടത്തെ മാലിന്യ പ്ലാന്റിനു നൽകിയ അനുമതി പുനഃപരിശോധിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അറവുമാലിന്യ പ്ലാന്റിന്റെ അനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള പതിനഞ്ചംഗസംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കോഴിമാലിന്യ സംസ്കരണ പ്ലാന്റിന് പഞ്ചായത്ത് നൽകിയ അനുമതി ശരിവയ്ക്കുക മാത്രമാണ് ജില്ലാ ഭരണകൂടം ചെയ്തതെന്ന് കളക്ടർ അറിയിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ഇതുവരേയും പഞ്ചായത്ത് ഭരണസമിതി മാലിന്യ പ്ലാന്റിനെതിരായി റിപ്പോർട്ട് നൽകുകയോ, നടപടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അത്തരം റിപ്പോർട്ടുകൾ വരുന്നപക്ഷം നടപടി സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി. മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ പഞ്ചായത്തിന് അധികാരമുണ്ടെന്നും കളക്ടർ പറഞ്ഞു. മാലിന്യ പ്ലാന്റിനുള്ള അനുമതികൾ സ്വാധീനംവഴി നേടിയതാണെന്ന പരാതി കളക്ടർ കൂടുതൽ നടപടിക്കുവേണ്ടി എഡിഎമ്മിനുനൽകി.
കളക്ടറുടെ നിർദേശപ്രകാരം എ.ഡിഎമ്മുമായി ആക്ഷൻ കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. മാലിന്യ പ്ലാന്റിന് ഫയർഫോഴ്സും ഫോറസ്റ്റും പൊലൂഷൻ കൺട്രോൾ ബോർഡും നൽകിയ അനുമതികൾ സ്വാധീനത്തിന് വഴങ്ങിയാണെന്ന പരാതിയിൽ അന്വേഷിക്കാമൊന്ന് എഡിഎം ഉറപ്പുനൽകി. കളക്ടർക്ക് നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നതുവരെ എല്ലാ നടപടികളും നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കളക്ടർ പറഞ്ഞു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ സി.യു. അബൂബക്കർ, വിപിൻ കൂടിയേടത്ത്, കെ.എം. ഹനീഫ, ശരീഫ് നടുവട്ടം, ഐഷ ശെരീഫ്, വിജിത ബാബു എന്നിവർ പങ്കെടുത്തു.