മഴയിൽ മുങ്ങി തൃശൂർ
1601412
Tuesday, October 21, 2025 1:05 AM IST
തൃശൂർ: ശക്തമായ മഴയിൽ നഗരം വീണ്ടും വെള്ളത്തിൽ മുങ്ങി. മുക്കാൽമണിക്കൂർമാത്രം നീണ്ടുനിന്ന മഴയിൽ ശക്തൻ സ്റ്റാൻഡ് പരിസരം, കൊക്കാലെ റോഡ് എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. കടകളിൽ വെള്ളംകയറി. ഗതാഗതം മുടങ്ങി. കാൽനടയാത്രികർ റോഡിന്റെ മറുകര എത്താൻ നന്നേ കഷ്ടപ്പെട്ടു.
ശക്തനിൽ കാന നിറഞ്ഞ വെള്ളം റോഡിലേക്ക് ഒഴുകിയതോടെ ആരോഗ്യഭീതിയും വർധിച്ചു.
ഹോട്ടൽ, വർക്ക്ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകളിലും വെള്ളംകയറി. ˘കഴിഞ്ഞ രാത്രിയും ഇന്നലെ പുലർച്ചെയുമായി പെയ്ത മഴയിൽ കുറുപ്പം റോഡിലെ കടകളും വെള്ളത്തിൽ മുങ്ങിയിരുന്നു.
ശക്തമായ മഴ തുടരുന്ന ജില്ലയിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും 24 നും കാലാവസ്ഥാകേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.