പൂമംഗലം കുടുംബാരോഗ്യകേന്ദ്രം ഒപി ബ്ലോക്കിന് 60 ലക്ഷം
1601164
Monday, October 20, 2025 1:10 AM IST
അരിപ്പാലം: പൂമംഗലം പഞ്ചായത്തിനു കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് കെട്ടിടം നിര്‍മിക്കാന്‍ 60 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. മന്ത്രി ആര്. ബിന്ദുവിന്റെ 2025-26-ലെ ആസ്തിവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ആശുപത്രി അങ്കണത്തില്‍ റോഡിനോടുചേര്‍ന്ന് 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഒപി പ്രവര്‍ത്തിക്കുന്നത്. നേരത്തേ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന സമയത്തുണ്ടായിരുന്ന കെട്ടിടത്തില്‍ മുന്‍വശത്ത് കുറച്ചുഭാഗം നീട്ടിയെടുത്താണ് ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പടിയൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന സമയത്താണ് 1972-ല്‍ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങുന്നത്. നേരത്തേ അരിപ്പാലം ചിറയുടെ അടുത്തായി വാടകക്കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അരിപ്പാലത്തെയും സമീപപ്രദേശങ്ങളിലെയും സാമ്പത്തികസഹായംകൊണ്ടാണ് വെള്ളാങ്കല്ലൂര്‍- മതിലകം റോഡില്‍ അരിപ്പാലം സെന്ററിനടുത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി 1974-ല്‍ ആശുപത്രി നിര്‍മിച്ചത്. പിന്നീട് പൂമംഗലം പഞ്ചായത്ത് രൂപവത്കരിക്കുകയും ആശുപത്രി പൂമംഗലത്തിനു കീഴിലായി മാറുകയും ചെയ്തെങ്കിലും അതേ കെട്ടിടത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രം പിന്നീട് കുടുംബാരോഗ്യകേന്ദ്രമാക്കി ലാബ് അടക്കമുള്ള സൗകര്യങ്ങളും രണ്ട് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി. ആശുപത്രിവളപ്പിന്റെ പിന്നിലാണ് പുതിയ കെട്ടിടം പണിയാന്‍ നിശ്ചയിച്ചിരിക്കുന്നത്.