കഞ്ചാവുമാഫിയസംഘം വീടുകയറി ആക്രമിച്ചു; വീട്ടമ്മയും രണ്ടുമക്കളും ആശുപത്രിയില്‍
1600642
Saturday, October 18, 2025 1:45 AM IST
ഇരിങ്ങാലക്കുട: കഞ്ചാവുമാഫിയ സംഘത്തിന്റെ വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയും രണ്ടു മക്കളും ആശുപത്രിയില്‍ ചികിത്സതേടി. കരുവന്നൂര്‍ വടക്കേകൊഞ്ചത്ത് വീട്ടില്‍ സോമന് ഭാര്യ ഹേമലത (56), ഇരട്ടമക്കളായ സോഹിന്‍ (27), സോഹി (27) എന്നിവരാണു പരിക്കേറ്റ് ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണു സംഭവം. പൊറത്താട് പടിഞ്ഞാട്ടുമുറിയില്‍ പുരിയാറ്റുപറമ്പില് കുടുംബക്ഷേത്രത്തിലെ ജീവനക്കാരിയായ ഹേമലത ക്ഷേത്രത്തിനുസമീപം പുല്ലുനീക്കംചെയ്യുകയായിരുന്നു. ഈ സമയം ഇതുവഴി രണ്ടുപേര്‍ ബൈക്കില്‍ ബഹളംവച്ച് വരികയും വടിവാള്‍വീശി വെട്ടുമെന്നും മക്കളെ കൊല്ലുമെന്നും പറഞ്ഞു.
എന്താണുകാര്യമെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടിപറഞ്ഞില്ല. ഈ സമയം മകന് സോഹിന്‍ അടുത്തുള്ള വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അക്രമിസംഘം സോഹിനുനേരേ പാഞ്ഞടുത്ത് കയര്‍ക്കുകയും മര്‍ദിക്കുകയും ചെയ്തു. മകനെ മര്‍ദിക്കുന്നതുകണ്ട ഹേമലത ഇവരുടെ അരികിലേക്ക് ഓടിവന്നു. ലഹരി മാഫിയ സംഘം ഹേമലതയെ കൈപ്പിടിച്ച് വട്ടംകറക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഈ സംഘം കരുവന്നൂര്‍ ബംഗ്ലാവിനുസമീപത്തെ ചേലക്കടവുഭാഗത്തേക്ക് പോകുമ്പോള്‍ ഹേമലതയുടെ മറ്റൊരു മകനായ സോഹി അവിടെ നില്ക്കുന്നതുകണ്ടു. സോഹിയുടെനേരെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ക്രൂരമര്‍ദനമേറ്റ സോഹി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അക്രമിസംഘം മാരകായുധങ്ങളുമായി പിന്തുടര്ന്നിരുന്നു. സോഹിയുടെ ബൈക്ക് അക്രമിസംഘം തട്ടിയെടുത്തുകൊണ്ടുപോയിരുന്നു. ഭയത്താല്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന സോഹി മണിക്കൂറുകള്‍ക്കുശേഷമാണ് പുറത്തുവന്നത്. മൂവരും മാപ്രാണം ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുമ്പും വ്യക്തിവൈരാഗ്യംവച്ചുള്ള ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മയക്കുമരുന്നു കേസുകളിലും ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണ് ആക്രമണത്തിനു പിന്നിൽ.
കരുവന്നൂര്‍ ബംഗ്ലാവിനു സമീപത്തെ ചേലകടവ്, ജനത ഉന്നതി എന്നിവിടങ്ങള്‍ ലഹരിമാഫിയയുടെ താവളങ്ങളാണ്. സംഭവശേഷം കരുവന്നൂര്‍ ബംഗ്ലാവ് മേഖലകളില്‍ രാത്രിയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.