കുറുപ്പം റോഡിലെ കടകളിൽ വെള്ളം കയറി
1601414
Tuesday, October 21, 2025 1:05 AM IST
തൃശൂർ: അശാസ്ത്രീയമായ റോഡ് നിർമാണം വീണ്ടും തൃശൂർ നഗരത്തിലെ കുറുപ്പം റോഡിലെ വ്യാപാരികളെ വെള്ളത്തിലാക്കി. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ കുറുപ്പം റോഡിലെ കടകളിൽ വെള്ളംകയറി.
സ്വരാജ് റൗണ്ടിൽനിന്നു കുത്തിയൊലിച്ചുവന്ന വെള്ളമാണ് റോഡിനോളം പൊക്കത്തിൽ പണിതിരുന്ന തിണ്ടിനു മുകളിലൂടെ ഒഴുകി കടകൾക്കുള്ളിലെത്തിയത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലും വീട്ടുപകരണ വില്പനശാലയിലും ഹാർഡ്വെയർ ഷോപ്പിലും വെള്ളം കയറി. കടകളിലെ ഉപകരണങ്ങൾ പലതും നനഞ്ഞു കേടുവന്നു. നാശനഷ്ടം കണക്കാക്കിവരുന്നു.
ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടകൾക്കുള്ളിൽ വെള്ളം കയറിയതു കണ്ടത്. തുടർന്ന് വ്യാപാരികൾതന്നെ വെള്ളം കോരിക്കളയുകയായിരുന്നു.
ഇപ്പോൾ കെട്ടിയുയർത്തിയതിനെക്കാൾ ഉയരത്തിൽ കടകൾക്കുമുന്നിലെ തിണ്ട് കെട്ടിയുയർത്തേണ്ട അവസ്ഥയാണുള്ളതെന്നു കുറുപ്പം റോഡിലെ വ്യാപാരികൾ പറഞ്ഞു. മഴ ശക്തമാവുകയാണെങ്കിൽ വെള്ളംകയറുമോ എന്ന ആശങ്ക മറ്റു കടക്കാർക്കുമുണ്ട്. പരാതിയുമായി ഇനി അധികാരികളെ സമീപിക്കാൻ നിൽക്കാതെ കൈയിൽനിന്നു പണംമുടക്കി തിണ്ട് ഉയർത്തിക്കെട്ടാനുള്ള നീക്കത്തിലാണ് വ്യാപാരികൾ. ഇതു ചെയ്യുന്നതോടെ മഴയിൽ റോഡ് പുഴയാകും.
കുറുപ്പം റോഡിന്റെ അശാസ്ത്രീയനിർമാണവും പ്രശ്നങ്ങളും പണി നടക്കുന്പോൾതന്നെ വ്യാപാരികൾ ചൂണ്ടിക്കാണിച്ചതാണ്. കനത്ത മഴയിൽ മുന്പും ഇതുപോലെ കടകൾക്കുള്ളിലേക്കു വെള്ളം ഇരച്ചുകയറിയിരുന്നു. തുടർന്നാണ് വ്യാപാരികൾ കടകൾക്കുമുന്നിൽ തിണ്ട് കെട്ടിയത്. കടകളിലേക്കുവരുന്നവർക്ക് വണ്ടികൾ പാർക്കു ചെയ്യാൻപോലും സൗകര്യമില്ലാത്ത വിധമാണ് റോഡ് നിർമിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഫുട്പാത്തില്ലാത്ത ഈ റോഡിലൂടെയുള്ള യാത്ര അപകടകരമാണ്. വാഹനങ്ങൾ വരുന്പോൾ മാറിനിൽക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്.