വനിതാ ഡോക്ടറുടെ തെരുവുനായപ്രേമം: പ്രദേശവാസികൾ പ്രതിഷേധ മാർച്ച് നടത്തി
1601430
Tuesday, October 21, 2025 1:05 AM IST
വടക്കാഞ്ചേരി: ജനവാസമേഖല തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറ്റുന്നുവെന്ന് ആരോപിച്ച് അത്താണി അമ്പലപുരത്ത് വനിതാഡോക്ടറുടെ വസതിയിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി.
തെരുവുനായ അക്രമണത്തിൽനിന്നു നാട്ടുകാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അലഞ്ഞുതിരിയുന്ന 50 ഓളം നായ്ക്കളെയാണ് ഡോക്ടർ വീട്ടിൽ സംരക്ഷിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. ഡോക്ടറുടെ നായപ്രേമം കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. നിരവധിതവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ അധികൃതർ ഡോക്ടറുമായി ചർച്ച നടത്തിയെങ്കിലും ഡോക്ടർ സഹകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.
മാർച്ച് ഡോക്ടറുടെ വീടിനുസമീപത്ത് പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധ സമരം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ മധു അമ്പലപുരം അധ്യക്ഷതവഹിച്ചു. രാജൻ കിഴക്കേടത്ത്, കെ.ആർ. ഉദയൻ, ജോയ്സൺ എന്നിവർ സംസാരിച്ചു.