പാവറട്ടി വികെജി സിനിമാസ് ഉദ്ഘാടനം നാളെ
1535260
Saturday, March 22, 2025 1:00 AM IST
പാവറട്ടി: വികെജി സിനിമാസിന്റെ രണ്ടു സ്ക്രീനുകൾ നാളെ പ്രേക്ഷകർക്കുമുന്നിൽ മിഴിതുറക്കും. നാളെ വൈകീട്ട് നാലിനു ഫാ. ജോർജ് കല്ലൂക്കാരൻ സിഎംഐ ആശീർവാദകർമം നിർവഹിക്കും. തുടർന്ന് വികെജി ഗ്രൂപ്പ് ചെയർമാൻ വി.കെ. ജോർജും പ്രസ്തീന ജോർജും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രതാരങ്ങളായ ശിവജി ഗുരുവായൂർ, ആഷിക അശോകൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ജെ. ഷാജൻ, വാർഡ് മെമ്പർ ജെറോം ബാബു, മാനേജിംഗ് പാർട്ണർമാരായ വി.ജി. സെബാസ്റ്റ്യൻ, ജിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. ഉദ്ഘാടനചടങ്ങുകൾക്കുശേഷം ചെമ്മീൻ ബാൻഡ് സീനിയേഴ്സ് മേളം അരങ്ങേറും.
ആധുനികസൗകര്യങ്ങളോടെ രണ്ടു വലിയ സ്ക്രീനുകളാണ് വികെജി സിനിമാസിൽ ഒരുക്കിയിട്ടുള്ളത്. 198 വീതം പുഷ്ബാക്ക് സീറ്റുകളുണ്ട്. മികച്ച ശബ്ദക്രമീകരണത്തിനായി 4 കെ അൾട്രാ എച്ച്.ഡി. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ഉപയോഗിച്ചിട്ടുണ്ട്. മികച്ച ദൃശ്യവിരുന്നിനായി ഹാർക്കനസ് ത്രിഡി സ്ക്രീനും ക്രിസ്റ്റി ലേസർ പ്രോജക്ടറുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
മികച്ച പാർക്കിംഗ്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, രണ്ടു ലിഫ്റ്റുകൾ, കഫേ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് പാവറട്ടി സെന്ററിൽ ചാവറ ഷോപ്പിംഗ് കോംപ്ലക്സിൽ വികെജി സിനിമാസ് പ്രവർത്തനമാരംഭിക്കുന്നത്.