കൗതുകംപകർന്ന് കണ്യാർകളി
1532732
Friday, March 14, 2025 1:42 AM IST
ഗുരുവായൂർ: ഉത്സവ കലാപരിപാടികളിൽ വേറിട്ടതും ഭക്തിസാന്ദ്രവുമായ കണ്യാർകളി ആസ്വാദനത്തിന് വലിയ ഭക്തജനപങ്കാളിത്തം. വാമൊഴിയിലൂടെ കൈമാറിവന്നതാണ് ഈ അനുഷ്ഠാന കലാരൂപം. കലാകാരന്മാർ കിഴക്കേ ദീപസ്തംഭത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങിയശേഷമാണ് കളി ആരംഭിച്ചത്.
കൊടുവായൂർ കരുവന്നൂർ ദേശത്തെ കണ്യാർകളി സംഘമാണ് കളി അവതരിപ്പിച്ചത്. കുംഭം, മീനം, മേടം മാസങ്ങളിൽ വിവിധ ദേശങ്ങളിലെ തട്ടകത്തിൽ വാഴുന്ന ദേവീദേവൻമാരുടെ പ്രീതിക്കായി പുരുഷൻമാർ പ്രായഭേദമന്യേ സമർപ്പിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമാണിത്.
വിവിധ കളികൾ കോർത്തിണക്കി കുട്ടേ മാരിയമ്മ, കുറത്തി - കുറവൻ, വേട്ടുവർ, മലയർ തുടങ്ങിയ കളികൾ സംഗ്രഹിച്ചായിരുന്നു അവതരണം. ഒന്നര മണിക്കൂറോളമായിരുന്നു കളി.
ജെയ്പുർ ഡോ. വിനായക് ശർമയുടെ സിത്താർ കച്ചേരിക്കും അപർണശർമയുടെ ഭരതനാട്യം,
കഥാപ്രസംഗം എന്നിവ ഉൾപ്പെടെയുള്ള കലാപരിപാടികൾക്കും ആസ്വാദകരേറെയായിരുന്നു.
വൃന്ദാവനം വേദിയിൽ രാവിലെ ആറിന് ആരംഭിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ രാത്രി വൈകിയാണ് അവസാനിക്കുന്നത്. വരുംദിവസങ്ങളിൽ നടിമാരായ നവ്യ നായർ, ശാലു മേനോൻ എന്നിവർ വിവിധ പരിപാടികളിൽ അരങ്ങിലെത്തും. തിങ്കളാഴ്ച കലാപരിപാടികൾക്കു സമാപനമാകും.