വിവാദ പുകവലിപ്രസംഗം: മന്ത്രിക്കെതിരേ നല്കിയ പരാതിയിൽ തെളിവുനല്കാൻ ഗവർണറുടെ ഓഫീസ്
1514237
Saturday, February 15, 2025 1:51 AM IST
തൃശൂർ: കുട്ടികളുടെ പുകവലിയുമായി ബന്ധപ്പെട്ടു വിവാദപ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ സത്യപ്രതിജ്ഞാലംഘനത്തിനു നടപടിയെടുക്കണമെന്ന കെപിസിസി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയലിന്റെ പരാതിയിൽ നടപടിയുമായി ഗവർണറുടെ ഓഫീസ്.
ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടു ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ജോൺ ഡാനിയലിനു കത്തയച്ചു. ലഭ്യമായ വിവരങ്ങൾ ഉടൻ രാജ്ഭവനു കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞമാസം രണ്ടിനു കായംകുളത്തെ ഒരു പൊതുപരിപാടിയിൽ മന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു പരാതി അയച്ചത്. യു. പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിന്റെ പശ്ചാത്തലത്തിലാണു സജി ചെറിയാൻ വിവാദപ്രസംഗം നടത്തിയത്. കുട്ടികളായാൽ ഇടയ്ക്കു പുകവലിക്കുമെന്നും അതിനെ മഹാ അപരാധമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു പ്രസംഗം.
കുട്ടികളെ പുകവലിക്കാൻ പ്രേരിപ്പിക്കുന്നതു വിലക്കി പാര്‍ലമെന്റ് 2003ല്‍ പാസാക്കിയ കോട്പ നിയമത്തിന്റെയും പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുള്ള 1999ലെ ഹൈക്കോടതിവിധിയുടെയും ലംഘനമാണു മന്ത്രിയുടെ പ്രസംഗമെന്നു ഗവർണർക്കുള്ള പരാതിയിൽ ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടിയിരുന്നു.