സഹചാരി പുരസ്കാരം സെന്റ്് ജോസഫ്സിലെ എൻഎസ്എസ് യൂണിറ്റുകൾക്ക്
1484396
Wednesday, December 4, 2024 6:46 AM IST
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻഎസ്എസ് യൂണിറ്റുകൾക്ക് ലഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
സെന്റ് ജോസഫ്സ് കോളജിലെ എൻഎസ്എസ് വോളന്റിയർമാർ കലാലയത്തിലെ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേകം കൈമൊഴി പരിശീലനം നൽകുകയും ജില്ലയിലെ, ആംഗ്യഭാഷയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യകലാലയം എന്ന ബഹുമതി തൃശൂർ കളക്ട്രേറ്റിൽ നിന്നും നേടിയെടുക്കുകയും ചെയ്തു.
കോളജിൽ മാത്രമല്ല ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കു പരിശീലനം നൽകുവാനായി ഒരു ക്യാമ്പ് സംഘടിപ്പിക്കുവാനും എൻഎസ് എസ് വോളന്റിയർമാർക്ക് സാധിച്ചിരുന്നു. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാനതല പുരസ് കാരവും സെന്റ് ജോസഫ്സ് കോളജിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഭിന്നശേഷിദിനത്തിൽ തൃശൂരിൽ നടന്ന ചടങ്ങിൽ ഇരു അവാർഡുകളും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി സിഎച്ച് എഫ് ഏറ്റുവാങ്ങി.