ക്രിമറ്റോറിയത്തിന്റെ പുകക്കുഴൽ വീണതിനെച്ചൊല്ലി കൗൺസിലിൽ പ്രതിപക്ഷബഹളം
1460041
Wednesday, October 9, 2024 8:36 AM IST
ചാലക്കുടി: നഗരസഭ ക്രിമറ്റോറിയത്തിന്റെ പുകക്കുഴൽ വീണതിനെച്ചൊല്ലി നഗരസഭായോഗത്തിൽ പ്രതിപക്ഷ ബഹളം. ഇതേത്തുടർന്ന് പുകക്കുഴൽ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ അംഗീകരിക്കുന്നതിനു നഗരസഭ കൗൺസിലിൽ വന്ന അജൻഡയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പുകക്കുഴൽ ഒടിഞ്ഞുവീണതിനെ തുടർന്ന് അടിയന്തരമായി ക്വട്ടേഷൻ സ്വീകരിക്കുകയും തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ച അഞ്ച് കമ്പനികളുടെ ടെൻഡറാണ് ഇന്നത്തെ കൗൺസിലിൽ സപ്ലിമെന്ററി അജൻഡയായി ചേർത്തത്.
കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ ക്രിമറ്റോറിയം വിഷയത്തിൽ ചെയർമാന്റെയും ബന്ധപ്പെട്ടവരുടേയും അനാസ്ഥ ഉണ്ടായതായി എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച ചർച്ചയിൽ മുൻകാലത്തും ക്രിമറ്റോറിയത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് ആരും മനപ്പൂർവം ചെയ്യുന്നതല്ലെന്നും പ്രതിപക്ഷം ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ പറഞ്ഞു. ഇതിനിടയിൽ പ്രതിപക്ഷ കൗൺസിലർമാർ ബഹളം ആരംഭിച്ചു. ഇതേത്തുടർന്ന് അജൻഡകൾ വായിച്ച് അംഗീകരിക്കുകയുമായിരുന്നു.
ക്രിമറ്റോറിയത്തിലെ പുകക്കുഴൽ നിർമാണം, 12 ലക്ഷം രൂപയോളം ചെലവുവരുന്ന വലിയ പ്രവൃത്തിയാണെങ്കിലും ചെയർമാൻ കൗൺസിൽ അംഗീകാരം പിന്നീടു ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഹൈടെക് എന്ന സ്ഥാപനത്തിന്റെ ടെൻഡറിന് അംഗീകാരം നൽകി.
ക്രിമറ്റോറിയത്തിലെ അടിയന്തര പ്രവൃത്തികൾ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. കൗൺസിൽ കഴിഞ്ഞ ഉടൻ തന്നെ നിശ്ചയിച്ച കമ്പനിയുടെ അധികാരികളെ നെഗോസിയേഷനു വിളിക്കുകയും ക്രിമറ്റോറിയം സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അമൃത് കുടിവെള്ള പദ്ധതി ഉൾപ്പെടെ മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലും ചെയർമാൻ മുൻകൂർ അനുമതി നല്കി. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.