സര്‍ക്കാരിന്റെ കൃഷിസമൃദ്ധി പദ്ധതി : ആദ്യഘട്ടം പൂമംഗലത്തും നടപ്പിലാക്കുമെന്നു മന്ത്രി
1459549
Monday, October 7, 2024 7:14 AM IST
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു നടപ്പിലാക്കുന്ന കൃഷിസമൃദ്ധി പദ്ധതി പൂമംഗലം പഞ്ചായത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു.
മൂന്നുഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേരളത്തിലെ 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണു തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ മേഖലകളിലായി മികവുള്ള കൃഷി കൂട്ടങ്ങളുള്ളതും കാര്‍ഷിക പ്രാധാന്യം കൂടുതലുള്ളതും കഴിഞ്ഞ കാലയളവില്‍ മികവു തെളിയിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പച്ചക്കുട സമഗ്ര കാര്‍ഷിക പദ്ധതിയുടെ കൂടി ഭാഗമായാണു കൃഷിസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതിന് പൂമംഗലം പഞ്ചായത്തിനെ തെരഞ്ഞെടുത്തതെന്നു മന്ത്രി പറഞ്ഞു.
തെരെഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ്തലത്തില്‍ തയാറാക്കുന്ന മൈക്രോ പ്ലാന്‍ അനുസരിച്ച് എല്ലാ വിഭവങ്ങളേയും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തലത്തില്‍ രൂപീകരിക്കുന്ന നിര്‍വഹണ സമിതിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നു മന്ത്രി അറിയിച്ചു.