അടിപ്പാത നിർമാണം; കുരുക്കഴിയാതെ ആമ്പല്ലൂർ
1459350
Sunday, October 6, 2024 7:11 AM IST
ആമ്പല്ലൂർ: അടിപ്പാതനിര്മാണത്തിന്റെ ഭാഗമായുള്ള ഗതാഗതനിയന്ത്രണത്തെതുടര്ന്ന് ഇന്നലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വൈകീട്ടോടെ നൂറുകണക്കിനു വാഹനങ്ങൾ ദേശീയപാതയില്‍ കുടുങ്ങി. വാഹനങ്ങൾ ആമ്പല്ലൂര്‍ കടക്കാൻ അരമണിക്കൂറോളമെടുത്തു.
ഒരുസമയത്ത് വാഹനങ്ങളുടെ നിര പുതുക്കാട് സിഗ്നൽ ജംഗ്ഷനും കടന്നു നീണ്ടു. വെള്ളി, ശനി ദിവസങ്ങളിൽ ദേശീയപാതയിൽ വാഹനത്തിരക്കു പതിവാണ്. റോഡുപണികൂടിയായതോടെ യാത്രാദുരിതം ഇരട്ടിയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സര്‍വീസ് റോഡ് ക്രമീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
അടിപ്പാതയുടെ രണ്ടാമത്തെ പില്ലറിനുള്ള കുഴിയെടുത്തു തുടങ്ങിയതോടെ ആമ്പല്ലൂരിലെ യൂടേണില്‍ മാറ്റം വരുത്തിയതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
വരന്തരപ്പിള്ളി റോഡില്‍നിന്നു തൃശൂര്‍ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ ഇടത്തോട്ടു തിരിഞ്ഞ് പെട്രോള്‍ പമ്പിനു മുന്പിലെ പുതിയ യുടേണിൽ തിരിഞ്ഞാണ് എതിര്‍വശത്തെ സര്‍വീസ് റോഡിലേക്കു കടക്കുന്നത്. പുതുക്കാട് നിന്നു സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ശ്രീരാമ തിയറ്ററിനു മുന്പിലെ യൂടേണിലൂടെ തിരിഞ്ഞുവേണം വരന്തരപ്പിള്ളി റോഡിലേക്കു പ്രവേശിക്കാൻ.
യൂടേണുകളിൽ തിരിയാൻ തന്നെ വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദിവസേനയുള്ള ഗതാഗത പരിഷ്കാരങ്ങളും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.