കുന്നംകുളം ടൗണിലെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി
1458919
Friday, October 4, 2024 7:11 AM IST
കുന്നംകുളം: കുന്നംകുളം പഴയ ബസ് സ്റ്റാൻഡിനു മുൻപിൽ എൽ ഷേപ്പ് കെട്ടിടത്തിനോടു ചേർന്ന് അപകട ഭീഷണി ഉയർത്തിനിന്നിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി.
കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മുതൽ പൊളിക്കൽ ആരംഭിച്ചത്. പലയിടത്തും പഴയ കെട്ടിടങ്ങൾ തകർന്ന് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ കുന്നംകുളം നഗരത്തിൽ ഈ ഒരു പഴയ കെട്ടിടം അപകടഭീഷണി ഉയർത്തി നിലനിന്നിരുന്നത് വിവാദമായിരുന്നു.
കൃത്യമായ രേഖകളോ ഉടമസ്ഥതയോ ഇല്ലാതെയാണു കെട്ടിടം നിന്നിരുന്നതെന്നും പുറമ്പോക്കിലാണെന്നുമായിരുന്നു വിശദീകരണം. കൗൺസിലിൽ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉയർന്നിട്ടും നഗരസഭ കെട്ടിടം പൊളിച്ചുമാറ്റാത്തതും വിവാദമായിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിലും ഇതുസംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടായി. തുടർന്നാണ് നഗരസഭ ഇന്നലെ പൊളിച്ചുമാറ്റൽ തുടങ്ങിയിട്ടുള്ളത്.