മാലിന്യമുക്ത നവകേരളം: ജനകീയ കാന്പയിനു തുടക്കം
1458679
Thursday, October 3, 2024 6:29 AM IST
തൃശൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. ഒരുവർഷമായി നടത്തുന്ന കാന്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷൻ ഹരിതപദവി നൽകിയ 469 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. പീച്ചി ഡാം, അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച് എന്നീ രണ്ട് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായും ചടങ്ങിൽ പ്രഖ്യാപിച്ചു.
എംഎൽഎമാരുടെ ആസ്തി വികസനഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ച് 54 ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച ജലഗുണനിലവാരപരിശോധനാ ലാബുകളിലേക്കുള്ള രണ്ടാംഘട്ട കിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു.
നെൻമണിക്കര പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എ. ഷെഫീഖ്, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി, നവകേരളം കർമപദ്ധതി ജില്ലാ കോഓർഡിനേറ്റർ സി. ദിദിക, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ആൻസണ് ജോസഫ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.
കോർപറേഷനിൽ ഇൻസിനറേറ്റർ ഉദ്ഘാടനം, പാണഞ്ചേരിയിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനോദ്ഘാടനം, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളുടെ ഹരിതസ്ഥാപന പ്രഖ്യാപനം,
പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ദേശീയപാത പരിസരത്തു മാലിന്യങ്ങൾ നീക്കംചെയ്ത് ജൈവവേലി സ്ഥാപിക്കൽ, ചാലക്കുടി മുനിസിപ്പാലിറ്റിയിൽ റിസോർസ് റിക്കവറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം, മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ അഞ്ചേക്കർ തരിശുഭൂമി നെൽകൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു.