ജൽജീവൻ മിഷൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണം: എംഎൽഎ
1454265
Thursday, September 19, 2024 1:42 AM IST
ചാലക്കുടി: ജൽജീവൻ മിഷൻ പദ്ധതി നിർവഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പദ്ധതി അവലോകനയോഗത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ഒരുവർഷം മുൻപ് നിർമാണം പൂർത്തിയായ പ്രവൃത്തികൾക്കു ചെലവായ തുക പോലും ബില്ലുമാറി ലഭിക്കാത്തതാണു നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവസ്ഥിതിയിലാക്കുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികൾ മന്ദഗതിയിലാകാൻ കാരണമെന്നു കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. റോഡ് പൂർവസ്ഥിതിയിലാക്കുവാൻ മുൻകൂർ കെട്ടിവയ്ക്കേണ്ടതായ കോടികണക്കിനു രൂപ സർക്കാരിൽനിന്നു ലഭ്യമാകാത്തതിനാൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ കെആർഎഫ്ബിയുടെ കൈവശമുള്ള പല റോഡുകളിലും പൈപ്പിടൽ പ്രവൃത്തി ചെയ്യുവാൻ സാധിക്കുന്നില്ലെന്നും ബിൽ തുക വിതരണം യഥാസമയം നടപ്പിലാവാത്തതിനാൽ ടെൻഡർ ചെയ്ത പലപ്രവൃത്തികളും ഏറ്റെടുക്കുവാൻപോലും ആരും തയാറാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
ആദിവാസി ഊരുകളിൽ പദ്ധതി നിർവഹണം എത്രയുംവേഗം പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന് എംഎൽഎ യോഗത്തിൽ നിർദേശം നല്കി. യോഗത്തിൽ നടന്ന ചർച്ചകളെത്തുടർന്ന് പൈപ്പിടൽ പ്രവൃത്തികൾ തുടരുമെന്നും മൺസൂൺകാലം കഴിയുന്നതോടെ പൈപ്പിടുന്നതിനായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും കരാറുകാർ ഉറപ്പുനൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജെയിംസ്, മായ ശിവദാസ്, അമ്പിളി സോമൻ, ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. സുമ, എക്സിക്യൂട്ടീവ് എൻജിനീയർ ബോബൻ മാത്യു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി. വാസുദേവൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ജയചന്ദ്രൻ, സതി ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.