"നാട്യയൗവനം 2024' കൂടിയാട്ടമഹോത്സവം സമാപിച്ചു
1453983
Wednesday, September 18, 2024 1:28 AM IST
ഇരിങ്ങാലക്കുട: കൂടിയാട്ടലോകത്തെ യുവതലമുറ കലാകാരന്മാര് ഒത്തുചേര്‍ന്ന് രൂപീകരിച്ച ചൊല്ലിയാട്ടം എന്ന കൂട്ടായ്മ ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച് അമ്മന്നൂര്‍ ഗുരുകുലത്തില്‍ സംഘടിപ്പിച്ച "നാട്യയൗവനം 2024' എന്ന കൂടിയാട്ടമഹോത്സവം സമാപിച്ചു.
വിവിധ ശൈലികളില്‍നിന്നും ഗുരുകുലങ്ങളില്‍ നിന്നും ഉള്ള യുവകലാകാരന്മാര് ഒത്തുചേര്‍ന്ന് നടത്തുന്ന രംഗാവതരണങ്ങളാണ് ഈ മഹോത്സവത്തെ ശ്രദ്ധേയമാക്കിയത്. കൂടിയാട്ടം ആചാര്യന് ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ വിളക്കിനു തിരികൊളുത്തി കൂടിയാട്ടമഹോത്സവത്തിന് തുടക്കംകുറിച്ചു. കഥകളി ക്ലബ് പ്രസിഡന്റ്് അനിയന് മംഗലശേരി അധ്യക്ഷത വഹിച്ചു. ചൊല്ലിയാട്ടം സെക്രട്ടറി കലാമണ്ഡലം വിജയ്, അമ്മന്നൂര്‍ ഗുരുകുലം കലാകാരി സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ചൊല്ലിയാട്ടം കൂട്ടായ്മയിലെ അംഗങ്ങള്‍ ചാക്യാര്‍കൂത്ത്, ശ്രീകൃഷ്ണാവതാരം നങ്ങ്യാര്‍കൂത്ത്, സുഭദ്രാധനഞ്ജയം കൂടിയാട്ടം എന്നിവ അവതരിപ്പിച്ചു. ഉദ്യാനവര്‍ണന, അക്രൂരഗമനം നങ്ങ്യാര്‍കൂത്ത്, തോരണയുദ്ധം കൂടിയാട്ടം എന്നിവയും അരങ്ങേറി.