കോടതിസമുച്ചയം ഒന്നാംഘട്ട നിർമാണം പൂർത്തിയായി
1450683
Thursday, September 5, 2024 1:56 AM IST
ചാലക്കുടി: കോടതിസമുച്ചയത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതായും രണ്ടാംഘട്ട നിർമാണപ്രവൃത്തി ആരംഭിച്ചതായും സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. 20 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണു രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്നത്. പ്ലാസ്റ്ററിംഗ്, ഇലക്ട്രിഫിക്കേഷൻ, പ്ലന്പിംഗ്, പെയിന്റിംഗ്, ചുറ്റുമതിൽ നിർമാണം, മുറികളുടെ പാർട്ടീഷൻ പ്രവൃത്തികൾ, ഇലക്ട്രോണിക്സ് സംബന്ധമായ പ്രവൃത്തികൾ എന്നിവയാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
രണ്ടാംഘട്ട നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനും മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കാനും സീവേജ് പ്ലാന്റ് നിർമിക്കുന്നതിനുള്ള തുടർനടപടികൾ എത്രയുംവേഗം പൂർത്തീകരിക്കാനും അവലോകനയോഗത്തിൽ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ജില്ലാ ജഡ്ജ് പി.എ. സിറാജുദ്ധീൻ, മജിസ്ട്രേറ്റ് വി.എസ്. സവിത, സൂപ്രണ്ടിംഗ് എൻജിനീയർ രാജി ശിവദാസ്, എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേശ്വർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു ചിറയത്ത്, കൗൺസിലർ നിത പോൾ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശേരി, സെക്രട്ടറി അഡ്വ. വിൽസൺ ജോസ് വടാശേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.