പീച്ചി അണക്കെട്ട്: ശാസ്ത്രീയ മാനദണ്ഡങ്ങളിലെ വീഴ്ച പരിശോധിക്കും: കളക്ടർ
1444663
Wednesday, August 14, 2024 12:04 AM IST
തൃശൂർ: പീച്ചി അണക്കെട്ടു തുറന്നതിലെ അപാകതയെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് ഉടനെന്നു കളക്ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞമാസം 29, 30 തീയതികളിലെ കനത്ത മഴയെത്തുടർന്നാണ് അണക്കെട്ട് തുറന്നത്. പതിനായിരത്തോളം വീടുകളിൽ വെള്ളംകയറി. ഈ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ലായിരുന്നു.
അണക്കെട്ടു കവിഞ്ഞു വെള്ളമൊഴുകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡാം തുറന്നത്. എന്നാൽ, റൂൾ കർവ് പോലുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അഴുക്കുചാലുകൾ വൃത്തിയാക്കുക, തോടുകളിലെ തടസങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. മുൻകരുതൽ എടുത്തിരുന്നെങ്കിൽ നഷ്ടം കുറയ്ക്കാമായിരുന്നു. വീടുകളിലടക്കമുള്ള നഷ്ടം കണക്കാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചെന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്നും കളക്ടർ പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഴയെത്തുടർന്നു 43 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൃത്യമായ കണക്ക് ഉടൻ പുറത്തുവിടും. കേരളത്തിൽ ഏറ്റവും മോശമായ റോഡാണ് തൃശൂർ-കുറ്റിപ്പുറം റോഡ്. ഹൈക്കോടതി നിർദേശപ്രകാരം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. 59 ലക്ഷം അറ്റകുറ്റപ്പണിക്ക് അനുവദിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
ശാശ്വതപരിഹാരത്തിനായി ഈ മാസം ടെൻഡർ നടപടി പൂർത്തിയാകും. ജോലി തുടങ്ങിയാൽ ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നു കെഎസ് ടിപി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ചില ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് പണത്തിന്റെ അപര്യാപ്തതയുണ്ട്. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കളക്ടർ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷം വേണ്ടെന്നു വച്ചതിനാൽ കോർപറേഷന്റെയടക്കം പണം വിനിയോഗിക്കുന്നതിൽ തടസമുണ്ടാകും. എന്നാൽ, സ്വന്തം നിലയ്ക്കു ചെലവുചെയ്ത് ആഘോഷങ്ങൾ നടത്തുന്നതിൽ തടസമില്ല. അകമലയിൽ രണ്ടുവീട്ടുകാരെ മാറ്റിപ്പാർപ്പിക്കും.
തുടർച്ചയായി മഴയുണ്ടായാൽ ബാക്കിയുള്ളവർക്കു താത്കാലികമായി മാറേണ്ടിവരും. അതിരപ്പിള്ളിയിൽ വീരാൻകുടി, അരയക്കാവ് എന്നിവിടങ്ങളാണ് മഴക്കെടുതി പ്രശ്നങ്ങളുള്ളത്. അവിടെയുള്ളവർക്കു സ്ഥലവും വീടുകളും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകും. ജില്ലാ തലത്തിൽ മുൻ കളക്ടർമാർ നടപ്പാക്കിയ പരിപാടികൾ തുടരും.
സ്പോർട്സ്, ടൂറിസം, തീരദേശ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം തുല്യപരിഗണന നൽകുമെന്നും കളക്ടർ പറഞ്ഞു. പ്രസ്ക്ലബ് സെക്രട്ടറി പോൾ മാത്യു, പ്രസിഡന്റ് ഒ. രാധിക, വൈസ് പ്രസിഡന്റ് അരുണ് എഴുത്തച്ഛൻ എന്നിവർ പങ്കെടുത്തു.
ഏഴു കൊടുമുടികൾ
കീഴടക്കാൻ ആഗ്രഹം
തൃശൂർ: എവറസ്റ്റ് അടക്കം ഏഴു കൊടു മുടികൾ കീഴടക്കാൻ ആഗ്രഹമുണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ജനിച്ചതും വളർന്നതും മലനിരകളുളള ഇടുക്കിയിലാണ്. സ് കൂളിൽ പോകുന്നതിനും മറ്റും ഏറെദൂരം നടക്കാനുണ്ടായിരുന്നു. സർവീസിലെത്തിയശേഷം ട്രെയിനിംഗിന്റെ ഭാഗമായാണു ട്രക്കിംഗ് നടത്തിയത്. ഒഴിവുസമയം കിട്ടുന്പോൾ ട്രക്കിംഗ് തുടർന്നു. ഇതുവരെ കിളിമഞ്ചാരോ, എൽബ്രസ് എന്നിവ കീഴടക്കി.
ജനുവരിയിൽ അക്കൗണ്കൂഗ കീഴടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, മുന്നൂറു മീറ്റർ ഇപ്പുറം ട്രക്കിംഗ് അവസാനിപ്പിക്കേണ്ടിവന്നു. നിലവിൽ ജില്ലയുടെ ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരി ക്കുകയാണെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.