കൂനംമൂച്ചി ഇടവക ശതാബ്ദി തിരുനാളും മോണ്ടകം വെഞ്ചരിപ്പും 15ന്
1444430
Tuesday, August 13, 2024 1:48 AM IST
കൂനംമൂച്ചി: 1924-ൽ സ്ഥാപിതമായ കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകദേവാലയത്തിന്റെ ശതാബ്ദിവർഷ ആഘോഷസമാപനവും നൂറാമത് ഇടവകസ്ഥാപനതിരുനാളും നവീകരിച്ച മോണ്ടകത്തിന്റെ വെഞ്ചരിപ്പും 15 നു നടത്തുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന വൈദിക സന്യസ്തസംഗമത്തിൽ കൂനംമൂച്ചി ഇടവകാംഗങ്ങളായ, ഇടവകയിൽനിന്നു മാമോദീസ സ്വീകരിച്ച, ഇടവകയിൽ സേവനംചെയ്ത എല്ലാ വൈദികരും സിസ്റ്റേഴ്സും പങ്കെടുത്തു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി.
ഇന്നു നടക്കുന്ന നവനാൾ കുർബാനയ്ക്കും സ്വിച്ചോൺ കർമത്തിനും പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ നേതൃത്വം നൽകും. നാളെ രാവിലെ 6.30 നു നടക്കുന്ന നവനാൾകുർബാനയ്ക്കും രൂപം എഴുന്നള്ളിക്കലിനും തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾദിനമായ 15ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നവീകരിച്ച മോണ്ടകത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിക്കും. തുടർന്ന് 10 നു നടക്കുന്ന ജൂബിലിദിവ്യബലിക്കും അതിരൂപതാധ്യക്ഷൻ മുഖ്യകാർമികത്വം വഹിക്കും. ഇടവകജനങ്ങൾ ഏവരും ചേർന്ന് എഴുതിയ ബൈബിൾ ജൂബിലി കമ്മിറ്റി ആർച്ച്ബിഷപ്പിനു സമർപ്പിക്കും. 600 വീടുകളിൽനിന്നും തയാറാക്കിയ പൊതിച്ചോർ ആർച്ച്ബിഷപ് വെഞ്ചരിച്ചശേഷം സമീപപ്രദേശത്തുള്ള വിവിധ അഗതിമന്ദിരങ്ങളിലേക്കു നൽകും. തുടർന്ന് തിരുനാൾപ്രദക്ഷിണവും ഉണ്ടായിരിക്കും.
ആത്മീയ-കാരുണ്യ-കല-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. സ്നേഹഭവനനിർമാണം, പുത്രീസംഗമം, വയോജനസംഗമം, യുവജനസംഗമം തുടങ്ങി ഒരുവർഷക്കാലമായി നടന്നുവരുന്ന ജൂബിലി ആഘോഷത്തിൽ 100 പേരുടെ കേശദാനം ഉൾപ്പെടെയുള്ള നൂറോളം പരിപാടികൾ സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജോർജ് ചെറുവത്തൂർ, ജൂബിലിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോമി ജോൺസൻ, സെക്രട്ടറി അൽഫോൺസ് മുട്ടത്ത്, പബ്ലിസിറ്റി കൺവീനർ ജെയ്സൺ ചാക്കോ, കൈക്കാരൻ പി.സി. ലോന എന്നിവർ പങ്കെടുത്തു.