കളത്തുംപടി പാലം നിര്‍മാണം; പ്രാരംഭ പ്രവൃത്തികൾക്കു തുടക്കം
1443975
Sunday, August 11, 2024 6:25 AM IST
ഇരിങ്ങാലക്കുട: കളത്തുംപടി പാലം നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മണ്ണു പരിശോധനയുടെ സ്വിച്ച്ഓണ്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2024-25 വര്‍ഷത്തെ ബജറ്റില്‍നിന്നു രണ്ടുകോടി രൂപയാണു പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഷണ്മുഖംകനാലിനു കുറുകെ പൂമംഗലം ഗ്രാമപഞ്ചായത്തിനെയും ഇരിങ്ങാലക്കുട നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണു കളത്തുംപടി പാലം.
അപകടാവസ്ഥയിലായ നിലവിലെ പാലം പൊളിച്ചുമാറ്റി അതേസ്ഥലത്തു തന്നെയാണു പുതിയ പാലം നിര്‍മിക്കുക. നിലവില്‍ ചവിട്ടുപടികളോടുകൂടിയ പാലം കാല്‍നടയാത്രക്കാര്‍ക്കു മാത്രമാണ് ഉപയോഗിക്കാനാവുന്നത്. പുതിയ പാലം വരുന്നതോടെ വാഹനങ്ങളില്‍ വേളൂക്കര, പൂമംഗലം പഞ്ചായത്തുകളില്‍നിന്നു നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും.
നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ മണ്ണു പരിശോധനയാണ് ഇപ്പോള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ഉടന്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണു നിര്‍വഹണച്ചുമതല.