വയനാടിനു കൈത്താങ്ങാവാൻ അർണവും ദിയയും
1441474
Saturday, August 3, 2024 1:06 AM IST
തൃശൂർ: വയനാട്ടിലെ ദുരിതബാധിതർക്കു നല്കാൻ, കളിപ്പാട്ടങ്ങൾ വാങ്ങാൻ കൂട്ടിവച്ച മുയൽക്കുടുക്കയും പിറന്നാൾ ആഘോഷിക്കാൻ സ്വരുക്കൂട്ടിയ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി ഒന്നാംക്ലാസുകാരന് അര്‍ണവും ഏഴാംക്ലാസുകാരി ദിയയും.
അർണവ് വിഷ്ണുനായർ രണ്ടുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ച 1,103 രൂപയും ദിയ സി. ദീപക് 25,000 രൂപയുമാണു നല്‍കിയത്. കുട്ടികള്‍ നല്കിയ സ്നേഹധനം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഏറ്റുവാങ്ങി. ഇരുവരും എല്ലാവര്ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് ജെംസ് ഔര്‍ ഓണ്‍ ബോയ്സ് ഹൈസ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അർണവ്. ദുബായില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശി വിഷ്ണു-നന്ദിത രാജ് ദന്പതികളുടെ ഏകമകനാണ്. മുത്തച്ഛന് പ്രഫ. ഡോ. ഇ.യു. രാജനോടൊപ്പമാണ് തുക കൈമാറാനെത്തിയത്. വയനാട്ടിലെ ദുരന്തം ടിവിയിലൂടെ കണ്ടപ്പോള്‍ സങ്കടംതോന്നിയെന്നും തുക കൈമാറിയത് ഏറെ സന്തോഷത്തോടെയാണെന്നും അര്‍ണവ് പറഞ്ഞു.
അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ദിയ സി. ദീപക് വെക്കേഷന് ആഘോഷിക്കാനാണു നാട്ടിലെത്തിയത്. 24നാണു പിറന്നാൾ. അബുദാബിയില്‍ ജോലിചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശി ദീപക്-സിമ്ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണു ദിയ കളക്ടറെ കാണാനെത്തിയത്. നിറഞ്ഞ മനസോടെയാണു തുക കൈമാറിയതെന്നു ദിയ പറഞ്ഞു.
ജില്ലയില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി 4,47,848 രൂപ നല്കി.