അർജുൻ പാണ്ഡ്യൻ എത്തുന്നത് അനുഭവങ്ങളുടെ കരുത്തുമായി
1436876
Thursday, July 18, 2024 1:37 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിന്റെ പുതിയ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കുന്നത് അനുഭവങ്ങളുടെ കൊടുമുടിതാണ്ടിയ കരുത്തുമായി. ഇടുക്കി ഹൈറേഞ്ചിലെ ലയത്തിൽനിന്ന് ജീവിതം ആരംഭിച്ച് സിവിൽ സർവീസ് എത്തിപ്പിടിച്ച അദ്ദേഹം മികച്ച പർവതാരോഹകൻകൂടിയാണ്. അതുവരെ കായിക മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന അർജുൻ മസൂറിയിലെ പരിശീലനകാലത്തു മികച്ച കായികതാരത്തിനുള്ള സമ്മാനം സ്വന്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയത്തിലെ നണ്, ദ്രൗപദി കാ ദണ്ട കൊടുമുടികൾ കീഴടക്കി.
മണ്ണിനോടും മൃഗങ്ങളോടും പോരടിക്കുന്ന അടിസ്ഥാനജനവിഭാഗത്തിന്റെ സങ്കടങ്ങൾ അവർക്കിടയിൽനിന്നു വന്നൊരാളെന്ന നിലയിൽ അർജുൻ പാണ്ഡ്യനു മറ്റാരെക്കാളും നന്നായി അറിയും. അവധിദിവസങ്ങളിൽ കുട്ടികൾക്കു ട്യൂഷനെടുത്തും തേയിലച്ചാക്കു ചുമന്നുമാണ് പഠനകാലത്തു വീട്ടിലെ ബുദ്ധിമുട്ടുകൾ പങ്കിട്ടത്. ഒറ്റപ്പാലത്തും ഇടുക്കിയിലും ജോലിചെയ്യുന്പോൾ ആദിവാസികൾക്കടക്കം വീടു നിർമിക്കാൻ മുന്നിട്ടുനിന്നതും ഈ തിരിച്ചറിവിൽ.കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പരിസ്ഥിതി - വനം - കാലാവസ്ഥാവ്യതിയാന വകുപ്പ് അസി. സെക്രട്ടറി, ഒറ്റപ്പാലം സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, പാലക്കാട് മെഡിക്കൽ കോളജ് സ്പെഷൽ ഓഫീസർ, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഡെവലപ്മെന്റ് കമ്മീഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മീഷണർ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറി, പട്ടികവർഗവികസന വകുപ്പ് ഡയറക്ടർ, ലോക കേരളസഭ ഡയറക്ടർ, സാമൂഹികസന്നദ്ധസേന ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലേബർ കമ്മിഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒറ്റപ്പാലം നഗരവികസനത്തിനു കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.
അട്ടപ്പാടിയിൽ മലമടക്കുകൾ നടന്നുകയറി 50 ഊരുകൾ സന്ദർശിച്ച മറ്റൊരു സബ്കളക്ടറില്ല. ഇവിടങ്ങളിൽ മൊബൈൽ കണക്ടിവിറ്റി, വൈദ്യുതി കണക്ഷൻ, റോഡ്, കളിസ്ഥലം തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പാലക്കാട് ജില്ലാ കോവിഡ് മാനേജ്മെന്റ് നോഡൽ ഓഫീസർ എന്ന നിലയിൽ നടത്തിയ ഓക്സിജൻ വാർ റൂം, കോവിഡ് കെയർ സെന്ററുകൾ എന്നിവയുടെ ഏകോപനം, ലോക്ക് ഡൗണ് സമയത്തു അതിഥിത്തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറിയായിരിക്കെ 60,000 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുട്ടികളുടെ കളക്ടർ മാമനായ വി.ആർ. കൃഷ്ണതേജ സ്വന്തം നാട്ടിലേക്കു ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് ഒറ്റപ്പാലത്തിന്റെ കളക്ടർ ബ്രോ ആയിരുന്ന അർജുൻ പാണ്ഡ്യൻ എത്തുന്നത്.
കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽനിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ അർജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ പാണ്ഡ്യൻ - ഉഷാകുമാരി ദന്പതികളുടെ മകനാണ്. ഡോ. പി.ആർ. അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.