ചാലക്കുടിയിൽ പുതിയ മാർക്കറ്റ് കെട്ടിടനിർമാണം ; വ്യാപാരികളെ താൽക്കാലിക കെട്ടിടത്തിലേക്കു മാറ്റാൻ ധാരണ
1436492
Tuesday, July 16, 2024 1:23 AM IST
ചാലക്കുടി: തീരദേശ വികസന വകുപ്പിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. മാർക്കറ്റ് നിർമാണത്തിനു നിശ്ചയിച്ചിട്ടുള്ള അറവ് ശാലയ്ക്കു മുൻഭാഗത്തും തെക്കേ കവാടത്തിനു സമീപവുമുള്ള 25 കച്ചവടക്കാരെ ഈ ആഴ്ച ഇവിടെ നിന്നു മാറ്റും. ഇവർക്കുള്ള താൽക്കാലിക മുറികളുടെ നിർമാണം പൂർത്തിയായി.
നിലവിലുള്ള പഴയ 25 കെട്ടിടമുറികൾ പൊളിച്ചുമാറ്റും. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണു തീരുമാനം. ഇതിനുശേഷം ഈ കച്ചവടക്കാരെ അധിക ഡെപ്പോസിറ്റ് ഇല്ലാതെ പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്കു മാറ്റും.
പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനു നേരത്തെ അനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലം ഒരുക്കിക്കൊടുക്കുന്നതിനു നിലവിലുള്ള കച്ചവടക്കാരെ മാറ്റുന്നതിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിഴക്കുഭാഗത്ത് താല്ക്കാലിക കടമുറികൾ നിർമിക്കാൻ തീരുമാനിച്ചത്.
25 കച്ചവടക്കാരെ താല്ക്കാലിക കെട്ടിടത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടന പ്രതിനിധികളും നിലവിലെ കച്ചവടക്കാരുമായി ഇന്നലെ നടന്ന ചർച്ചയിലാണു തീരുമാനമായത്.
ചെയർമാൻ എബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ, ബിനു മഞ്ഞളി, ജോബി മേലേടത്ത്, ചന്ദ്രൻ കൊളത്താപ്പിള്ളി, ഷൈജു പുത്തൻപുരയ്ക്കൽ, നിലവിലെ കച്ചവടക്കാർ, മുനിസിപ്പൽ എൻജിനീയർ എം.കെ. സുഭാഷ്, കിഫ്ബി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അടുത്ത ആഴ്ചയിൽതന്നെ പുതിയ മാർക്കറ്റിന്റെ നിർമാണപ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കും.