വെള്ളറക്കാട് -തിപ്പലശേരി റോഡ് തകർന്നു
1436224
Monday, July 15, 2024 1:47 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് -തിപ്പലശേരി റോഡ് തകർന്ന് യാത്രായോഗ്യമല്ലാതായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുന്നംകുളം - വടക്കാഞ്ചേരി റോഡിനേയും എരുമപ്പെട്ടി- അക്കിക്കാവ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡാണ് വെള്ളറക്കാട് - തിപ്പലശേരി റോഡ്.
വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് വീഴുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പ്രദേശത്ത് ഓട്ടോ വാടകയ്ക്കു വിളിച്ചാൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.
എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കി യാത്രാദുരിതത്തിന് അറുതിവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.