തൃശൂരിൽ പനി പടരുന്നു
1429354
Saturday, June 15, 2024 12:20 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇക്കഴിഞ്ഞ പതിമൂന്നു ദിവസത്തിനിടെ തൃശൂർ ജില്ലയിൽ പനിബാധിച്ച് ചികിത്സ തേടിയെത്തിയത് ആറായിരത്തിലധികം പേർ.
ജൂണ്‍ ഒന്നുമുതൽ 13 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് തൃശൂർ ജില്ലയിൽ 6411 പേർ പനിക്കു ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി. സ്വകാര്യആശുപത്രികളിലെ മുഴുവൻ കണക്കും വരുകയാണെങ്കിൽ എണ്ണം കൂടും. 99 പേർ ആശുപത്രികളിൽ അഡ്മിറ്റായി. ഡെങ്കിപ്പനി സംശയലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയ 187 കേസുകളിൽ 48 കേസുകൾ സ്ഥിരീകരിച്ചു. പതിനാല് എലിപ്പനി കേസുകൾ സ്ഥിരീകരിച്ചപ്പോൾ എട്ടുപേർ സംശയലക്ഷണങ്ങളോടെയെത്തി. രണ്ടു മരണങ്ങൾ എലിപ്പനിമൂലമാണെന്നും സ്ഥിരീകരിച്ചു.
തൃശൂർ കോർപറേഷൻ, പാണഞ്ചേരി, പാഞ്ഞാൾ, അവണൂർ, കടങ്ങോട്, കുന്നംകുളം നഗരസഭ, മുളങ്കുന്നത്തുകാവ്, പഴയന്നൂർ, പെരിഞ്ഞനം, മണലൂർ എന്നിവിടങ്ങളിലാണ് ഈ മാസം ഇതുവരെ എലിപ്പനി കേസുകൾ സ്ഥിരീകരിച്ചത്.
ശ്രീനാരായണപുരം, മാള, ദേശമംഗലം, മുള്ളൂർക്കര എന്നിവിടങ്ങളിൽ മലേറിയ കേസുകളുമുണ്ടായി.
ഗുരുവായൂർ നഗരസഭ, നടത്തറ, പാവറട്ടി, പുത്തൂർ, തൃക്കൂർ, കാറളം, നെന്മണിക്കര, തൃശൂർ കോർപറേഷൻ, വെങ്കിടങ്ങ്, എളവള്ളി, കടങ്ങോട്, വാടാനപ്പിള്ളി, താന്ന്യം, കൈപ്പറന്പ്, എളവള്ളി, വേലൂർ, അവണൂർ, ചേർപ്പ്, അന്നമനട, വലപ്പാട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, ശ്രീനാരായണപുരം, തളിക്കുളം, വരന്തരപ്പിള്ളി, എറിയാട് എന്നിവിടങ്ങളിൽ ഈ മാസം ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.