ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങി ഇരിങ്ങാലക്കുട
1423551
Sunday, May 19, 2024 7:15 AM IST
ഇരിങ്ങാലക്കുട: രൂപതയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് തോമസ് കത്തീഡ്രലും നഗരവും ഒരുങ്ങി.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സെമിനാറുകള്‍ നടക്കുന്ന ഏഴു കേന്ദ്രങ്ങളിലും പന്തലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്, പ്രതിനിധി യോഗാംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍, കുടുംബകൂട്ടായ്മ രൂപത, ഫൊറോന, ഇടവക യൂണിറ്റ് ഭാരവാഹികള്‍, വൈദികർ, സന്യസ്തർ, മതബോധന അധ്യാപകര്‍, അമ്മമാര്‍, യുവദമ്പതികള്‍, യുവജനങ്ങള്‍, അള്‍ത്താരസംഘം, മതബോധന വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായാണ് വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ.
ദിവ്യകാരുണ്യപ്രദക്ഷിണം കടന്നുപോകുന്ന വഴികൾ തോരണങ്ങളും പേപ്പല്പതാകകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട് 141 പൊന്‍കുരിശുകളും പേപ്പല്‍ പതാകകള്‍ക്കു പിന്നില്‍ ഓപ്പയും മോറിസും ധരിച്ച ദര്ശനസഭാംഗങ്ങളും, ഈ വര്‍ഷം ആദ്യകുര്‍ബാനസ്വീകരണം നടത്തിയ കുട്ടികള്‍ അവരുടെ ആദ്യകുര്‍ബാന സ്വീകരണവേഷത്തിലും അണിനിരക്കും. കോണ്ഗ്രിഗേഷന് അടിസ്ഥാനത്തില്‍ സിസ്റ്റേഴ്സ്. തൊട്ടുപിറകില്‍ ധൂപക്കുറ്റിയും ചെറുമണികളുമായി അള്ത്താരസംഘാംഗങ്ങൾ, ഇവര്‍ക്കു പിറകില്‍ വെള്ളഉടുപ്പ് ധരിച്ച് ചിറകുകളുമായിതലയില് കിരീടം ചൂടി കൈയിൽ സ്റ്റാര്‍ വടിയും പിടിച്ച് കുഞ്ഞുമാലാഖമാരും ഉണ്ടാകും. തുടര്‍ന്നു ദിവ്യകാരുണ്യം വഹിക്കുന്ന വാഹനം.
കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ എക്സിബിഷന് കാണുവാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ടൗണില്‍ ഇന്നു ഗതാഗത നിയന്ത്രണമുണ്ടാകും.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.