തെക്കുംകരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം; ജനങ്ങൾ ഭീതിയിൽ
1415886
Friday, April 12, 2024 1:30 AM IST
പുന്നംപറമ്പ്: തെക്കുംകരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. തെക്കുംകര പഞ്ചായത്തിലെ വനമേഖലയോടുചേർന്നുകിടക്കുന്ന കൊളത്താശരിയിലാണ് പുലിയെ കണ്ടതായി പറയുന്നത്. കൊളത്താശേരി സ്വദേശി വട്ടുംപുറത്ത് വീട്ടിൽ സാബുവിന്റെ രണ്ടു പെൺമക്കളാണ് പുലിയെ കണ്ടത്.
ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് പ്രദേശവാസികളും വാർഡ് മെംബർ ഷൈബി ജോൺസൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഫോറസ്റ്റ് ഡെ.റെയ്ഞ്ചർ ഉൾപ്പടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനനടത്തി. സംഭവം ശരിയാണെങ്കിൽ ഉടൻതന്നെ കാമറകൾ സ്ഥാപിക്കുമെന്നു വനപാലകസംഘം അറിയിച്ചു.
എന്നാൽ വനത്തിൽ സ്ഥിരമായി കണ്ടുവരുന്ന പുലിയുടെ വലിപ്പമുള്ള പട്ടിപ്പുലിയാകാനാണ് സാധ്യതയെന്നും ഇവ മനുഷ്യരെ ഉപദ്രവിക്കില്ലെന്നും ഇവയുടെ ഭക്ഷണം കോഴികളും മറ്റു ജീവികളുമാണന്നും ഫോറസ്റ്റ് ഡെ.റെയ്ഞ്ചർ പറഞ്ഞു. സ്ഥിരമായി കാട്ടാനകളിറങ്ങുന്ന ഒരു പ്രദേശമാണ് കൊളത്താശേരി. പുലിയെ കണ്ടുവെന്ന് അറിഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.