സുരേഷ്ഗോപിക്കു സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ
1397487
Tuesday, March 5, 2024 1:26 AM IST
തൃശൂർ: സ്ഥാനാർഥിനിർണയത്തിനുശേഷം കൊല്ലത്തെ കുടുംബക്ഷേത്രത്തിൽ തൊഴുതു മടങ്ങിയെത്തിയ സുരേഷ് ഗോപിക്ക് ഉജ്വലസ്വീകരണമൊരുക്കി പ്രവർത്തകർ.
ഇന്നലെ വൈകീട്ട് 5.40നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ എൻഡിഎ നേതാക്കൾ ഹാരമണിയിച്ചു സ്വീകരിച്ചു. നൂറുകണക്കിനു പ്രവർത്തകരുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ കുറുപ്പം റോഡിലൂടെ സ്വരാജ് റൗണ്ടിലേക്കു നീങ്ങി. അണികളോടും റോഡിലൂടെ പോകുന്നവരോടുമെല്ലാം കൈവീശിക്കാണിച്ചും സ്നേഹം പങ്കിട്ടുമായിരുന്നു റോഡ് ഷോ.
ഒരു മണിക്കൂറിലേറെയെടുത്താണ് റൗണ്ടിലേക്കു പ്രവേശിച്ചത്. റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ റോഡ് ഷോ സമാപിച്ചു. എൻഡിഎ സംസ്ഥാന, ജില്ലാ നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരം,
മാതാവ് സ്വീകരിക്കും: സുരേഷ് ഗോപി
തൃശൂർ: കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും സുരേഷ്ഗോപി. എന്റെ ത്രാണിക്കനുസരിച്ചാണു കിരീടം നൽകിയത്. സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്കു പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ വിവാഹത്തിനു മുന്നോടിയായി തൃശൂർ ലൂർദ് പള്ളിയിൽ സുരേഷ്ഗോപി കുടുംബസമേതം എത്തി മാതാവിനു സമർപ്പിച്ച കിരീടവുമായി ബന്ധപ്പെട്ടു വിവാദം ഉയരുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.
ജനുവരി 15നാണു സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്. ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം പള്ളിയിൽ എത്തിയിരുന്നു. കിരീടം നിർമിക്കാൻ സുരേഷ് ഗോപി തനിക്കു കുറച്ചു സ്വർണം നല്കിയെന്നും കണക്കു നോക്കേണ്ടെന്നും പറഞ്ഞതായി സ്വർണകിരീടം നിർമിച്ചയാൾ സമർപ്പണവേളയിൽ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിർമാണം കഴിഞ്ഞു ബാക്കിയുള്ള സ്വർണം സുരേഷ് ഗോപിക്കുതന്നെ മടക്കിനല്കിയെന്നും വ്യക്തമാക്കിയിരുന്നു.