ഗുരുവായൂർ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു
1396738
Saturday, March 2, 2024 1:50 AM IST
ഗുരുവായൂര്‍: കഴിഞ്ഞ പത്തുദിവസമായി ആഘോഷിച്ചുവന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്നലെ ആറാട്ടിനുശേഷം കൊടിയിറക്കത്തോടെ സമാപനമായി. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായി ഉറങ്ങിയ ഭഗവാനെ പള്ളിയുണര്ത്തിയതോടെയാണ് ആറാട്ട് ദിവസത്തെ ചടങ്ങാരംഭിച്ചത്. പള്ളിയുണര്ന്ന ഭഗവാന് നീരാട്ടിനുശേഷം ശ്രീലകത്തേക്കെഴുന്നള്ളി.തുടര്‍ന്ന് ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചു.
വൈകീട്ട് ഭഗവാന്റെ പഞ്ചലോഹതിടമ്പിലേക്ക് ചൈതന്യം ആവാഹിച്ച് എഴുന്നള്ളിച്ച് കൊടിമരത്തിനുസമീപം സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ വച്ചശേഷം കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി ദീപാരാധന നടത്തി. തുടർന്ന് ഭഗവാന് യാത്രാബലിക്കായി പുറപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്കത്തിടമ്പും സ്വര്‍ണക്കോലവും ഗജരത്നം നന്ദൻ ശിരസിലേറ്റി.
കീഴ്ശാന്തി ഹരിനാരായണൻ നമ്പൂതിരി കൊമ്പൻ നന്ദ ന്റെ പുറത്ത് സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. ഗോകുൽ, സിദ്ധാർഥൻ, രവി കൃഷ്ണൻ, കൃഷ്ണനാരായണൻ എന്നിവർ കൂട്ടാനകളായി. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരപ്പാട് യാത്രാബലിക്ക് ഹവിസ് തൂവി മുന്നിൽ നടന്നു. പുറത്തേക്ക് എഴുന്നള്ളിയ ഭഗവാന് വാളുംപരിചയുമേന്തിയ കൃഷ്ണനാട്ടം കലാകാരന്മാര്, ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പന് മാരാര്‍, ചെര്‍പ്പുളശേരി ശിവന് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ബ്രാഹ്മണസമൂഹത്തിന്റെ ഭജന എന്നിവ അകമ്പടിയായി. ഭക്തർ നിറപറയും നിലവിളക്കുമായി ഗുരുവായൂരപ്പനെ വരവേറ്റു.
എഴുന്നള്ളിപ്പ് വടക്കേനടയില്‍ എത്തിയതോടെ പഞ്ചവാദ്യം അവസാനിച്ച് മേളം ആരംഭിച്ചു. തുടര്‍ന്ന് അത്താണിക്കു സമീപം സങ്കടനിവൃത്തിച്ചടങ്ങ് നടത്തിയശേഷം ഭഗവാന് ഭഗവതിക്കെട്ടിലൂടെ ആറാട്ടുകടവിലെത്തി. ആറാട്ട് കടവില്‍ മഞ്ഞള്‍പ്പൊടി, ഇളനീര് എന്നിവകൊണ്ടഭിഷേകം ചെയ്തു.പുണ്യനദികളെ രുദ്രതീര്ഥത്തിലേക്കാവാഹിച്ച് തന്ത്രി, ഓതിക്കന്മാര്, കീഴ്ശാന്തിക്കാര്‍ എന്നിവര്‍ ഭഗവാനൊപ്പം സ്നാനം ചെയ്തു. തുടർന്ന് ഭക്തർ ആറാട്ട് കുളിച്ചു.
ആറാട്ടിനുശേഷം ഭഗവതിക്കെട്ടിലെ വാതില്‍മാടത്തില്‍ ഉച്ചപൂജയ്ക്കുശേഷം ഭഗവാന് പിടിയാന ദേവിയുടെ പുറത്ത് 11 ഓട്ടപ്രദക്ഷിണം നടത്തി. തുടര്‍ന്ന് തന്ത്രി കൊടിയിറക്കിയതോടെ ഉത്സവത്തിനു സമാപനമായി.