ചീനിക്കടവ് മണ്ടൻചിറ പാലം അപകടാവസ്ഥയിൽ
1374093
Tuesday, November 28, 2023 1:57 AM IST
കണ്ണാറ: ചീനിക്കടവ് മണ്ടൻചിറ പാലം അപകടാവസ്ഥയിൽ ആയതോടെ പാലം പുനർനിർമിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിന്റെ കിഴക്കുഭാഗത്ത് കോൺക്രീറ്റ് ഭിത്തിയോടു ചേർന്ന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല മെയിൻ സ്ലാബിന് താഴെ നിന്നും കോ ൺക്രീറ്റ് ഇളകിപ്പോയ നിലയിലുമാണ്.
വാട്ടർ അഥോറിറ്റിയുടെ തൃശൂർ കോർപ്പറേഷനിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഉള്ള കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന പാലമാണ് ഇപ്പോൾ അപകടഭീഷണി നേരിടുന്നത്. നിലവിൽ പാലത്തിലൂടെ രണ്ട് പൈപ്പ് ലൈനുകൾ ആണ് പോകുന്നത്. ഇതിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനിന്റെ കോൺക്രീറ്റ് ഭിത്തിയോട് ചേർന്നാണ് വിള്ളൽ കാണുന്നത്. ഇത് കൂടുതൽ തകർച്ചയിലേക്ക് നീങ്ങിയാൽ അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുകയും തൃശൂർ ഭാഗത്തേക്കുള്ള ജലവിതരണം പൂർണമായും നിലക്കുകയും ചെയ്യും. പഴയ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം ഇപ്പോൾ പൂർണമായും നിർത്തിയെങ്കിലും പാലത്തിന് മുകളിലുള്ള കോൺക്രീറ്റ് പൈപ്പുകൾ ഇതുവരെ പൊളിച്ച് നീക്കിയിട്ടില്ല.
പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമില്ല. പാലത്തിന്റെ ഇരുഭാഗത്തും പൈപ്പ് ലൈനുകൾ ഉള്ളതിനാൽ ഇതുവഴി ബൈക്കുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ജനങ്ങളുടെ യാത്രാ സൗകര്യവും ജലവിതരണ സംവിധാനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പഴയപാലം പൊളിച്ചുനീക്കി ഗതാഗത സൗകര്യവും ഉറപ്പുവരുത്തുന്ന വിധത്തിൽ പുതിയ പാലം നിർമിക്കണമെന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.