ദേവാലയങ്ങളിൽ തിരുനാൾ
1373752
Monday, November 27, 2023 2:02 AM IST
പറപ്പൂർ തമുക്കു
തിരുനാളിന് ആയിരങ്ങൾ
പറപ്പൂർ: സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ റോസയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ആയിരങ്ങൾ. രാവിലെ നടന്ന ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്കു ഫാ. പോൾ തേയ്ക്കാനത്ത് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകി.
വൈകീട്ട് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ നടന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിൽ വിശ്വാസതീഷ്ണതയോടെ ആയിരങ്ങൾ പങ്കുചേർന്നു. വികാരി ഫാ. സെബി പുത്തൂർ, അസി. വികാരി ഫാ. ബിനോയ് മഞ്ഞളി എന്നിവർ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
രാത്രി പത്തിനു വിവിധ കുടുംബയൂണിറ്റുകളിൽ നിന്നുള്ള അന്പ് എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളുടെ അകന്പടിയോടെ ദേവാലയത്തിലെത്തി. ഇന്നു രാവിലെ 7.15ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുവേണ്ടിയുള്ള റാസാ കുർബാനയും പ്രത്യേക പ്രാർഥനകളുമുണ്ടാകും.
തിരുനാൾ ആഘോഷച്ചടങ്ങുകൾക്ക് ജനറൽ കണ്‍വീനർ ഷിന്റോ ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ പി.ഡി. മൈക്കിൾ, പി.കെ. ജോസ്, പി.ആർ. ജോണ്സണ്, പി.എ. ഗ്ലെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു നേതൃത്വം നൽകിയത്.
വെള്ളറക്കാട് പള്ളി
സംയുക്ത തിരുനാൾ
എരുമപ്പെട്ടി: വെള്ളറക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ സംയുക്ത തിരുനാൾ ആഘോഷിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ സെബസ്റ്റ്യാനോസ്, പരിശുദ്ധ കന്യാകാമറിയം, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാളാണ് ആഘോഷിച്ചത്.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അലക്സ് മരോട്ടിക്കൽ മുഖ്യകാർമികനായി. വികാരി ഫാ. നവീൻ മുരിങ്ങാത്തേരി സഹകാർമികനായി. ഫാ. വർഗീസ് മേലിട്ട് പാലത്തിങ്കൽ തിരുനാൾ സന്ദേശം നൽകി.
വികാരി ഫാ. നവീൻ മുരിങ്ങാത്തേരി, ജനറൽ കണ്‍വീനർ സിജോ ജോസ്, കണ്‍വീനർമാരായ എൻ.പി. സേവി, വിനീത സേവ്യർ, കൈക്കാരന്മാരായ പി.എം. ജോർജ്, സി.ജി. ജാക്സണ്, ബിജു വർഗീസ്, സി.ആർ. ജോസഫ് എന്നിവരും വിവിധ സബ് കമ്മിറ്റി കണ്‍വീനർമാരും നേതൃത്വം നൽകി.
തിരുനാൾ ദിനങ്ങളിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങൾ, വൈദ്യുത ദീപാലങ്കാരം, നേർച്ച ഉൗട്ട്, വാദ്യ മേളങ്ങൾ, അന്പ്, വള എഴുന്നെള്ളിപ്പ്, പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട് എന്നിവയുണ്ടായിരുന്നു.
കമ്പിടി തിരുനാൾ:
തപാൽ സ്റ്റാമ്പ്
പുറത്തിറക്കി
ചിറ്റാട്ടുകര: സെന്റ് സെബാസ്റ്റൻസ് ദേവാലയത്തിലെ കന്പിടി തിരുനാളിനോട് അനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ വകുപ്പുമായി സഹകരിച്ച് പള്ളിയുടെ ചിത്രം ആലേഖനം ചെയ്ത സ്പെഷൽ സ്റ്റാന്പ് പ്രകാശനം ചെയ്തു. അതിരൂപത പബ്ലിക് റിലേഷൻഷിപ് സിൽവർ ജൂബിലി അവാർഡ് ജേതാവും കേരള സഭാതാരം അവാർഡ് ജേതാവുമായ കത്തോലിക്കാസഭ പത്രാധിപസമിതി അംഗം പി.ഐ. ലാസർ സ്റ്റാന്പ് പ്രകാശനം ചെയ്തു.
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. വിൽസണ്‍ പിടിയത്ത് അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജേക്കബ് പള്ളിപ്പുറത്ത്, ജനറൽ കണ്‍വീനർ പി.ഡി. ജോസ്, ജോയിന്റ് ജനറൽ കണ്‍വീനർ സി.ജെ. സ്റ്റാൻലി, പബ്ലിസിറ്റി കണ്‍വീനർ ജോഷി കെ. വർക്കി, മദർ സുപ്പീരിയർ സിസ്റ്റർ ശാന്തി തെരേസ്, കൈക്കാരന്മാരായ പി.വി. പിയൂസ്, പി.കെ. ആന്റണി, പി.ജെ. ലിയോ എന്നിവർ പങ്കെടുത്തു. ജനുവരി നാലു മുതൽ എട്ടുവരെയാണു കന്പിടി തിരുനാൾ.
ചേലക്കര പഴയപള്ളി
പെരുന്നാൾ കൊടിയേറി
പഴയന്നൂർ: ചേലക്കര പഴയപള്ളി പെരുന്നാളിന്റെ കൊടിയേറ്റം നടന്നു. ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിലാണു പെരുന്നാൾ. വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാൾ കൊടിയേറ്റം വികാരി ഫാ. ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി തോമസ് പോൾ റന്പാൻ നിർവഹിച്ചു.
പെരുന്നാൾ കണ്‍വീനർ വി.പി. ജോണി, പള്ളി ട്രസ്റ്റി എം.ജെ. ശമുവേൽ, പെരുന്നാൾ കമ്മിറ്റി അംഗങ്ങളായ സി.വി. ജെയ്സണ്‍, സിസി ഡെന്നി, ഷിനോദ് വാലിക്കോടത്ത്, ജിബി ജോർജ്, സിജോ വി. ജോണി, മനു സി. ജെയിംസ്, നിജിൽ നിക്സണ് എന്നിവർ പങ്കെടുത്തു.