പുല്ലും പായലും നിറഞ്ഞ് കാവനാട് ചിറ
1337718
Saturday, September 23, 2023 2:01 AM IST
കൊടകര: പഞ്ചായത്തില്‍ ഒരു വര്‍ഷം മുമ്പ് നവീകരിച്ച കാവനാട് ചിറയില്‍ വീണ്ടും പായലും ചണ്ടിയും നിറയുന്നു. വിസ്തൃതമായ കാവനാട് ചിറ അമ്പതുലക്ഷം രൂപയോളം ചെലവഴിച്ചാണ് പുനരുദ്ധരിച്ചത്. കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറയുള്ളത്.
കടുത്ത വേനല്ക്കാലത്തു പോലും ജലത്തിന്റെ നിറസമൃദ്ധിയുള്ളതാണ് ചിറ. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള സംവിധാനവും ചിറയിലുണ്ട്.
വര്‍ഷങ്ങളോളം പുല്ലും പായലും മൂടി നാശോന്മുഖമായി കിടന്ന ചിറ നബാര്‍ഡിന്റെ സഹായത്തോടെ കെഎല്‍ഡിസിയാണ് നവീകരിച്ചത്. 2019ല്‍ ആരംഭിച്ച ചിറയുടെ നവീകരണ പ്രവൃത്തി കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയായത്.
വേനല്‍ക്കാലത്ത് മേഖലയിലെ കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴാതെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്ന കാവനാട് ചിറയുടെ ഏറെക്കാലത്തിനു ശേഷം തെളിഞ്ഞുകണ്ടതില് പ്രദേശവാസികള്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ചിറയില്‍ പായലും പുല്ലും ചണ്ടിയും നിറയാന്‍ തുടങ്ങിയത് നാട്ടുകാരെ വീണ്ടും നിരാശപ്പെടുത്തുകയാണ്.