ആനവാരിയിൽ വള്ളം മറിഞ്ഞു മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം; ഉത്തരവ് കെെമാറി
1337713
Saturday, September 23, 2023 2:01 AM IST
പട്ടിക്കാട്: ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പുവരുത്തി റവന്യൂ മന്ത്രി കെ രാജൻ. മരണമടഞ്ഞ മൂന്നുപേരുടെയും വസതിയിൽ മന്ത്രി നേരിട്ടെത്തി ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി.
നിയമസഭാ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയതെന്ന് സന്ദർശന വേളയിൽ മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, തഹസിദാർ ടി. ജയശ്രീ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.
ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച് നാലുലക്ഷം രൂപയാണ് നിയമാനുസൃത അവകാശികൾക്ക് അനുവദിച്ചിട്ടുള്ളത്. മുൻപ് പതിനായിരം രൂപ നൽകിയിരുന്നു. 3,90,000 രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ കൈമാറിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് വിപിൻ, സിറാജ്, അജിത്ത് എന്നിവർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.