ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാംപാദ മത്സരം ഇന്ന് കോട്ടപ്പുറം കായലിൽ
1337711
Saturday, September 23, 2023 2:01 AM IST
കൊടുങ്ങല്ലൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കോട്ടപ്പുറം കായലിൽ ഇന്നു നടക്കും. പകൽ 1.30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആർ. സുനിൽകുമാർ എം എൽഎ അധ്യക്ഷനാകും. മന്ത്രി ഡോ. ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ഒമ്പതു ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, നിരണം ബോട്ട് ക്ലബിന്റെ സെന്റ് പോൾസ് പത്താമത് ചുണ്ടൻ, പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ വിയ്യാപുരം ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട്കാട്ടിൽ തെക്കേതിൽ ചുണ്ടൻ, എൻസിഡിസി ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ, കെബിസി ആൻഡ് എസ്എഫ്ബിസിയുടെ പായിപ്പാടൻ ചുണ്ടൻ, പുന്നമട മോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ, വെമ്പനാട് ബോട്ട് ക്ലബ്ബിന്റെ അയ്യപറമ്പ് പാണ്ടി ചുണ്ടൻ എന്നീ ജലരാജാക്കന്മാരാണു മത്സര ത്തിൽ മാറ്റുരയ്ക്കുന്നത്.
കൂടാതെ കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ.ഡി. കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കുംവേണ്ടി ഇരുട്ടുകുത്തി, ഓടിവള്ളങ്ങളുടെയും മത്സരവും നടക്കും. മേളം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ നൃത്തം, ഒപ്പന, ചവിട്ടുനാടകം എന്നിവയും വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വി.ആർ. സുനിൽകുമാർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സുബൈർകുട്ടി, എൽസി പോൾ, സി.കെ. രാമനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.