മരിയ തെരേസ കോളജ് ഓഫ് നഴ്സിംഗിന്റെ ഉദ്ഘാടനം ഇന്ന്
1336607
Tuesday, September 19, 2023 1:11 AM IST
മാള: കുഴിക്കാട്ടുശേരി മരിയ തെരേസ കോളജ് ഓഫ് നഴ്സിംഗിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 1977ൽ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന് കീഴിൽ കുഴിക്കാട്ടുശേരിയിൽ ആതുര ശുശ്രുഷാരംഗത്തു പ്രവർത്തനമാരംഭിച്ച മരിയ തെരേസ ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ 1994 മുതൽ ജനറൽ നഴ്സിംഗ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞു 2.30ന് ചേരുന്ന പൊതുസമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൻറെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ എൽസി കോക്കാട്ട് ആമുഖ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ജോജോ, ഇരിഞ്ഞാലക്കുട ആർഡിഒ എം.കെ. ഷാജി, അസോസിയേഷൻ ഓഫ് ദ മാനേജ്മെൻറ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫൈനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള പ്രസിഡന്റ് ഫാ. വിമൽ ഫ്രാൻസിസ്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. ആന്റോ ആലപ്പാടൻ, പാവനാത്മ പ്രൊവിൻസിന്റെ എഡ്യൂക്കേഷൻ കൗണ്‍സിലറും വികാർ പ്രൊവിൻഷ്യലുമായ സിസ്റ്റർ ഡോ. റോസ് ബാസ്റ്റിൻ, ആശുപത്രി അഡ്മിനിസ്ട്രേറ്ററും പാവനാത്മ പ്രൊവിൻഷ്യൽ മെഡിക്കൽ കൗണ്‍സിലറുമായ സിസ്റ്റർ ഡെയ്സി മരിയ, പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ഡോ. ആഷ തെരേസ്, പ്രിൻസിപ്പൽ പ്രഫ. ഡോ. പി.ജെ. കവിതമോൾ എന്നിവർ പ്രസംഗിക്കും.
33000 ചതുരശ്ര അടിയിൽ നാല് നിലകളിലായി പണി തീർത്തിരിക്കുന്ന നഴ്സിംഗ് കോളജിൽ 50 വിദ്യാർഥികൾക്ക് ഓരോ ബാച്ചിലും പ്രവേശനം നൽകാനാകും. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും നഴ്സിംഗ് കൗണ്‍സിലും നിഷ്കർഷിക്കുന്ന എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒന്‍പതു ലാബുകൾ, ഹോസ്റ്റൽ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. ആതുരശുശ്രൂഷാരംഗത്തു വർധിച്ചുവരുന്ന നഴ്സുമാരുടെ ആവശ്യകത ഉൾകൊണ്ടുകൊണ്ടാണ് മരിയ തെരേസ കോളജ് ഓഫ് നഴ്സിംഗ് പ്രവർത്തനമാരംഭിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡെയ്സി മരിയ, അസിസ്റ്റൻഡ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻ, പ്രിൻസിപ്പൽ പ്രഫ. ഡോ. പി.ജെ. കവിതമോൾ, പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ആശ തെരേസ് എന്നിവർ പറഞ്ഞു.