മാതൃ-ശിശു സംരക്ഷണവിഭാഗത്തില് 4.75 കോടി രൂപയുടെ വിപുലീകരണം
1336439
Monday, September 18, 2023 1:24 AM IST
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മാതൃശിശു സംരക്ഷണ വിഭാഗം വിപുലീകരണത്തിനൊരുങ്ങുന്നു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിടം പൊളിക്കാനുള്ള പണികള്‍ ആരംഭിച്ചു. 4.75 കോടി രൂപ എന്‍എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് മാതൃശിശു സംരക്ഷണ വിഭാഗം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കെട്ടിടം പൊളിക്കുന്നതിന്റെ മുന്നോടിയായി ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികളുടെ വിഭാഗവും ഗൈനക്കോളജി ഒപി വിഭാഗം, തിയേറ്റര്‍, മറ്റ് യൂണിറ്റുകള്‍ എന്നിവയും ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. ഒപി യൂണിറ്റുകളും പൊതുജന ആരോഗ്യവിഭാഗവും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കുമ്പോള്‍ വലതുഭാഗത്തുള്ള പഴയ ജനറല്‍ ഒപി കെട്ടിടത്തിലേക്ക് മാറ്റി.
2017 വരെ ഈ കെട്ടിടത്തില്‍ തന്നെയായിരുന്നു ആശുപത്രിയിലെ എല്ലാ ഒപി കളും പ്രവൃത്തിച്ചിരുന്നത്. പിന്നീട് കൊറോണയെത്തുടര്‍ന്ന് പുതിയ ഒപി കെട്ടിടം സജമാക്കി ചില ഒപി വിഭാഗങ്ങള്‍ അതിലേക്ക് മാറ്റുകയായിരുന്നു.
നിലവിലുള്ള കെട്ടിടം വിപുലീകരിക്കുന്നതോടൊപ്പം മുകളില്‍ ഒരു നിലകൂടി പണിയാനാണ് പദ്ധതി. കൂടുതല്‍ വാര്‍ഡുകള്‍, പേ വാര്‍ഡ് റൂമുകള്‍, റാമ്പ് റൂം, സ്റ്റെയര്‍ റൂം എന്നിവക്ക് പുറമേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എന്‍ഐസിയു വും അനുബന്ധ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ലഭ്യമാക്കും. ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.