വിളിക്കാം 1962 ലേക്ക്; മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ ലഭിക്കും
1548532
Wednesday, May 7, 2025 2:05 AM IST
കണ്ണൂർ: രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ചികിത്സ ലഭ്യമാക്കാൻ ഇനി ഒറ്റ ഫോൺ കോൾ മതിയാകും. 1962 എന്ന നന്പറിലേക്ക് വിളിച്ചാൽ ചികിത്സാ സേവനം വീട്ടുപടിക്കലിലെത്തുന്ന സംവിധാനം കണ്ണൂർ ജില്ലയിൽ ആരംഭിച്ചു. രാത്രികാല ചികിത്സാ സേവനത്തിനായി ജില്ലയിൽ പുതുതായി മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളാണ് പ്രവർത്തനമാരംഭിച്ചത്.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന വീട്ടുപടിക്കൽ ചികിത്സയുടെ ഭാഗമായാണ് കണ്ണൂരിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ അനുവദിച്ചത്. സംസ്ഥാനത്ത് അനുവദിച്ച 47 മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളിൽ മൂന്നെണ്ണമാണ് ഇപ്പോൾ കണ്ണൂരിൽ ലഭ്യമാക്കിയത്. തലശേരി, തളിപ്പറന്പ്, കൂത്തുപറന്പ് ബ്ലോക്കുകളിലാണ് ഇവയെടു സേവനം ലഭ്യമാക്കുക.
മൊബൈൽ ക്ലിനിക്കുകൾക്കുള്ള മൂന്ന് വാഗണർ വാഹനങ്ങൾ കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.എം. അജിത തളിപ്പറന്പ്, കൂത്തുപറന്പ് സീനിയർ വെറ്ററിനറി സർജൻമാർ, പിണറായി വെറ്ററിനറി സർജൻ എന്നിവർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോയാണ് മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തിക്കുക. വൈകുന്നേരം ആറു മുതൽ പുലർച്ച അഞ്ചുവരെയാണ് മൊബൈൽ ക്ലിനിക്കുകളുടെ സേവനം. ഒരു വെറ്ററിനറി ഡോക്ടർ,ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരാണ് ഓരോ യൂണിറ്റിലുമുണ്ടാകുക. 1962ലേക്ക് വിളിച്ചാൽ ഫോൺ ചെയ്ത സ്ഥലത്തിന് ഏറ്റവും അടുത്തുള്ള യൂണിറ്റ് സ്ഥലത്തെത്തി ചികിത്സ നൽകും. കന്നുകാലികൾക്ക് 450 രൂപയും നായ, പൂച്ച ഉൾപ്പടെയുള്ളവയ്ക്ക് 900 രൂപയുമാണ് ഫീസ്.
രണ്ടു വർഷം മുന്പ് ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി ഇരിട്ടി, പയ്യന്നൂർ ബ്ലോക്കുകളിൽ നേരത്തെ വാഹനങ്ങൾ അനുവദിച്ചിരുന്നു. ഇതിന്റെ പ്രയോജനം ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർക്ക് ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ മൊബൈൽ യൂണിറ്റുൾ ആരംഭിച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.എം. അജിത പറഞ്ഞു.
നിലവിൽ ജില്ലയിലെ അഞ്ച് യൂണിറ്റുകളുടെ പ്രയോജനം ജില്ലയ്ക്ക് മുഴുവൻ ഗുണകരമാകും. മൊബൈൽ യൂണിറ്റുകളുടെ സേവനം കൂടാതെ ജില്ലാ മൃഗാശുപത്രിയിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനവും ജില്ലയിൽ ലഭ്യമാണ്. ജില്ലാ മൃഗാശുപത്രി കോന്പൗണ്ടിൽ നടന്ന വാഹനം കൈമാറൽ ചടങ്ങിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. പത്മരാജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽകുമാർ, പ്രോജക്ട് ഓഫീസർ കെ.വി. സന്തോഷ് എന്നിവർ പങ്കെടുത്തു.