സൂരജിനും ബിൻസിക്കും നാടിന്റെ അന്ത്യാഞ്ജലി
1548548
Wednesday, May 7, 2025 2:06 AM IST
മണ്ടളം: കുവൈറ്റ് അബാസിയയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി നഴ്സ് ദമ്പതികളായ സൂരജിനും ബിൻസിക്കും നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ഇരുവരുടേയും ബന്ധുക്കൾ ഏറ്റുവാങ്ങി സൂരജിന്റെ മണ്ടളത്തെ വസതിയിൽ എത്തിച്ചു.
രാവിലെ എട്ടു മുതൽ പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയോടെ മണ്ടളം സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ ഒരേ കല്ലറയിലാണ് ഇരുവർക്കും അന്ത്യനിദ്രയേകിയത്. എറണാകുളം പുല്ലുവഴിയിൽ നിന്ന് ബിൻസിയുടെ ബന്ധുക്കളും അയൽക്കാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
വീട്ടിലും പള്ളിയിലും സെമിത്തേരിയിലും നടന്ന സംസ്കാര ശുശ്രൂഷകൾക്ക് മണ്ടളം സെന്റ് ജൂഡ് പള്ളി വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ കാർമികത്വം വഹിച്ചു.