സ്ഥലം ഉടമയിൽ നിന്നു കൈക്കൂലി; സ്പെഷൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ
1548545
Wednesday, May 7, 2025 2:05 AM IST
ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നു15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീ സറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പായം വില്ലേജിലെ ഒരു സ്ഥലം ഉടമയിൽനിന്ന് സ്കെച്ചും പ്ലാനും തയാറാക്കുന്നതിനായി ഓഫീസർ 15000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം സ്ഥലം ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം സ്ഥലം ഉടമ ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും സ്പെഷൽ വില്ലേജ് ഓഫീസർക്ക് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ടുകൾ കൈമാറി.
ഇതിനിടെ മഫ്ടിയിലെത്തിയ വിജിലൻസ് സംഘം വില്ലേജ് ഓഫീസറിൽനിന്നു നോട്ടുകൾ പിടികൂടുകയും പരിശോധനയ്ക്കുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ സി. ഷാജു, എസ്ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്ഐ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.