ജില്ലാതല കുട്ടി ഗവേഷക സംഗമം തുടങ്ങി
1548259
Tuesday, May 6, 2025 2:28 AM IST
കണ്ണൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം കണ്ണൂര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ ജില്ലാതല അവതരണം മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ കുസാറ്റ് ഡയറക്ടര്‍ ഡോ. എ.യു. അരുണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 വിദ്യാര്‍ഥികളാണ് അവതരണത്തിന്റെ ഭാഗമാകുന്നത്.
ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന സ്റ്റെം പഠനത്തിന്റെ രീതിശാസ്ത്രം അനുസരിച്ചാണ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. കുട്ടികള്‍ക്ക് ഗവേഷണത്തില്‍ ഉള്‍പ്പെടെ ദിശാബോധം നല്‍കുന്നതിന് വിവിധ ഘട്ടങ്ങളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ശാസ്ത്ര സാമൂഹിക പഠനകേന്ദ്രത്തില്‍ പല ഘട്ടങ്ങളായി അധ്യാപകരുടെ നേതൃത്വത്തില്‍ ശില്പശാലകള് നടത്തിയാണ് സ്ട്രീം തനത് പ്രോജക്ടിന്റെ രീതിശാസ്ത്രം വികസിപ്പിച്ചത്.
ഓരോ ഉപജില്ലയില്‍ നിന്ന് മൂന്ന് പ്രോജക്ടുകളാണുള്ളത്. വിവിധ വിദ്യാലയങ്ങളിലെ 30 കുട്ടികള്‍, അധ്യാപകരായ ഗൈഡുകള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രോജക്ട്പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്‍കിയത്. സര്‍വകലാശാലകള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കോളജ് റിസര്‍ച്ച് സെന്ററുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായുള്ള പഠനയാത്രകള്‍ ഉള്‍പ്പെടെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.
ജില്ലാപഞ്ചായത്തംഗം സി.പി. ഷിജു അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ സംസ്ഥാന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ബി. ഷാജി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.കെ. സബിത്ത്, കുസാറ്റ് ഡയറക്ടര്‍ പി. ഷൈജു, ഡോ. ആര്.കെ. സുനില്‍, പ്രഫ. ശ്രീകാന്ത്, ഡോ. സ്വരണ്‍ എന്നിവര്‍ പ്രസംഗിച്ചു.