കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; സർക്കാർ വാർഷികത്തിന്റെ ബോർഡ് തകർത്തു
1548549
Wednesday, May 7, 2025 2:06 AM IST
കണ്ണൂര്‍: അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ചിരുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ പ്രചാരണ ബോർഡുകൾ സമരക്കാർ തകർത്ത് കീറി നശിപ്പിച്ചു. സ്റ്റേഡിയം കോർണറിനെ നെഹ്റു സ്തൂപത്തിനടുത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് നിരത്ത് തടഞ്ഞു.
ബാരിക്കേഡ് മറി കടന്ന് അകത്തേക്ക് പ്രവേശിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതേ തുടർന്ന് പോലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ബാരിക്കേഡുകൾ തള്ളിയിടാൻ സമരക്കാർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജലപീരങ്കിയിൽ നിന്ന് വെള്ളം ചീറ്റിയതോടെ സമരക്കാർ പലരും റോഡിൽ തെറിച്ചു വീണു. ജലപീരങ്കി പ്രയോഗം നിർത്തിയതോടെ വീണുകിടന്ന പ്രവർത്തകർ ഉൾപ്പടെയുള്ളവർ പോലീസിനു നേരെ ഓടിച്ചെന്ന് തട്ടിക്കയറി. ഇതോടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. സമരക്കാർ വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നേതാക്കളിടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് കളക്ടറേറ്റ് മതിലിന് സമീപം സ്ഥാപിച്ച സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ പ്രചാരണ ബോർഡ് സമരക്കാർ വലിച്ചു കീറി നശിപ്പിച്ചത്. മാർച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ഭരണത്തിന്റെ മറവിൽ തന്റെ കുടുംബത്തിന്റെ സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണെന്ന് ടി. സിദ്ദിഖ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വൻ അഴിമതിയാണ് നടത്തിയിരിക്കുന്നത്. വിശ്വസ്തരും അടുപ്പക്കാരും നടത്തുന്ന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയും മൗനാനുവാദത്തോടെയുമാണെന്നും ടി. സിദ്ദിഖ് കുറ്റപ്പെടുത്തി
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, പി.ടി. മാത്യു, വി.എ.നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, ടി.ഒ. മോഹനൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് സജീവ് മാറോളി, കെ. പ്രമോദ്, കെ.പി.സാജു, വി.വി. പുരുഷോത്തമൻ, കെ.വി.ഫിലോമിന, രജിത്ത് നാറാത്ത്, ടി.ജയകൃഷ്ണന്, മുഹമ്മദ് ബ്ലാത്തൂര്‍, മുഹമ്മദ് ഷമ്മാസ്, എം.സി.അതുല്‍, എം.കെ. മോഹനന്,എം.സി. ശ്രീജ എന്നിവർ നേതൃത്വം നൽകി.