കരാറുകാരൻ മുങ്ങി: നുച്യാട് -മണിക്കടവ് -കാഞ്ഞിരക്കൊല്ലി റോഡ് നിർമാണം അനിശ്ചിതത്വത്തിൽ
1547960
Monday, May 5, 2025 1:03 AM IST
ഉളിക്കൽ: നിർമാണം പൂർത്തീകരിക്കാൻ രണ്ടാംതവണയും കോടതി സമയം നീട്ടിനല്കിയിട്ടും കരാറുകാരൻ മുങ്ങിയതോടെ അനിശ്ചിതത്വത്തിലായി നുച്യാട് -മണിക്കടവ് -കാഞ്ഞിരക്കൊല്ലി റോഡിന്റ നിർമാണം. രണ്ട് വർഷം മുന്പാണ് സജീവ് ജോസഫ് എംഎൽഎ മുൻകൈയെടുത്ത് 2.5 കി.മി. റോഡ് നിർമാണം ആരംഭിക്കുന്നത്.
എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച നാലു കോടി രൂപ ചെലവിലായിരുന്നു വീതികൂട്ടി റോഡിന്റെ നിർമാണം. ഇതിന്റെ ഭാഗമായി നിലവിലെ റോഡ് കുത്തിപൊളിച്ച് കലുങ്കുകളുടെ പ്രവൃത്തി ആരംഭിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും നടന്നില്ല.
പകുതി നിർമിച്ച കലുങ്കുകൾ മാത്രമായി റോഡിന്റെ നിർമാണം പാതി വഴിയിൽ നിലച്ച അവസ്ഥയിലാണ്. ജില്ലയിലെ ടൂറിസം മേഖലയായ കഞ്ഞരക്കൊല്ലിയിലേക്കുള്ള പ്രധാന റോഡാണിത്. റോഡിന്റെ വീതി കുട്ടുന്നതിന്ന് വേണ്ടി വീടിന്റെ മതിൽ അടക്കം പൊളിക്കുകയും റോഡും കുത്തിപൊളിച്ചതോടെ പ്രദേശവാസികൾ കടുത്ത യാത്ര ദുരിതത്തിലാണ്.
നിലവിൽ ബസുകളും ഓട്ടോറിക്ഷകളും സർവീസ് നിർത്തിയ സ്ഥിതിയാണ്. റോഡിലെ കുഴിയും വാഹനത്തിന്റെ അറ്റകുറ്റ പണിയും സർവീസ് ലാഭകരമല്ലാത്തതാണ് ട്രിപ്പുകൾ നിർത്താൻ കാരണം എന്നാണ് ഇവർ പറയുന്നത്. മഴ പെയ്തതോടെ ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. എംഎൽഎ അടക്കം പല തവണ കരാറുകരനുമായും വകുപ്പ് മന്ത്രിയായി ചർച്ച നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
നേരത്തെ എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടത്തിയിരുന്നു. മഴ ആരംഭിച്ചിട്ടും റോഡ് നിർമാണത്തിൽ പുരോഗതി ഇല്ലാതെ വന്നതോടെ ജനങ്ങൾ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. റീ ടെണ്ടർ നടപടി പൂർത്തിയാക്കി നിർമാണപ്രവൃത്തി ഉടൻ തുടങ്ങണമെന്നും ഇല്ലെങ്കിൽ പൊതുമരാമത്ത് ഓഫീസിലേക്കും കോൺട്രാക്ടറുടെ വീട്ടുമുറ്റത്തേക്കും സമരം വ്യാപിക്കുമെന്നും എംഎൽഎ പറഞ്ഞു.